2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

സമാഗമം


മോ൪ച്ചറിയുടെ വരാന്തയില്‍  നിന്നും മരവിച്ച  മനസ്സോടെയാണ്  അയാള്‍ പുറത്തേക്കിറങ്ങിയത് . ഈ  ഭൂമിയില്‍ തനിക്ക് സ്വന്തമെന്ന് പറയാ൯  ആകെയുണ്ടായിരുന്നവളാണ്  മീര.  അവളാണ്    തണുത്ത് മരവിച്ച്‌  ഇതിനുള്ളില്‍....

ഏഴ് വര്‍ഷം നീണ്ട പ്രണയമായിരുന്നു ഹരിയും മീരയും  തമ്മില്‍   ... ഒടുവില്‍ വിവാഹ നിശ്ചയവും കഴിഞ്ഞു. വിധിയുടെ കറുത്ത കൈകള്‍ രക്താ൪ബുധമെന്ന മാരക രോഗമായി അവളുടെ മേല്‍ പടര്‍ന്നു കയറി. വര്‍ഷങ്ങള്‍ നീണ്ട ചികിത്സകള്‍ , ഒടുവില്‍ അവള്‍ മരണത്തിനു കീഴടങ്ങി .

അച്ഛനും അമ്മയും ചെറുപ്പത്തിലെ നഷ്ടപെട്ട അയാള്‍ക്ക്‌ അവള്‍ എല്ലാമായിരുന്നു . അവ൪ ഒരുമിച്ചു  കണ്ട ജീവിത സ്വപ്‌നങ്ങള്‍ ..... എല്ലാം ഇവിടെ ഒടുങ്ങി.ഒരിക്കല്‍ കൂടി മോ൪ച്ചറിയുടെ ഗ്ലാസ്സിലൂടെ അകത്തേക്ക് നോക്കി . ചേതനയറ്റ് കിടക്കുന്ന തന്റെ മീര ...........

പുറത്തേക്കിറങ്ങുമ്പോള്‍   ഇനിയെന്ത് ..? എന്ന ചോദ്യമായിരുന്നു  മനസ്സില്‍ കണ്ണില്‍  ഇരുട്ടു കയറുന്നതായി അയാള്‍ക്ക്  തോന്നി എങ്ങോട്ടെന്നില്ലാതെ നടക്കുകയാണ്. . ദിക്കേതാണെന്ന് പോലും ഒരു നിശ്ചയവുമില്ല. എവിടെയോ അയാളുടെ നടത്തം അവസാനിച്ചു.

കടല്‍ത്തീരമാണ്   , ഇനിയങ്ങോട്ട്  നടക്കാന്‍ പറ്റില്ലല്ലോ. ...!

മദ്ധ്യാഹ്ന സൂര്യ൯  തലയ്ക്ക്  മുകളില്‍  കത്തി ജ്വലിക്കുന്നു. ചുട്ടു പൊള്ളുന്ന വെയില്.  ഉള്ളിലെരിയുന്ന  നെരിപ്പോടിന്റെ  ചൂടിനു  മുന്നില്‍ അതൊന്നുമായിരുന്നില്ല. വെള്ള പരവതാനി വിരിച്ച പോലുള്ള  മണല്‍പ്പരപ്പ്‌ . ആ  മണല്‍പ്പരപ്പിലേക്ക്  അയാള്‍  വീണു. തിരയൊടുങ്ങാത്ത ആ  കടല്‍ത്തീരത്ത് കിടക്കുമ്പോള്‍  ഉള്ളില്‍  തിരകളെപ്പോലെ ആഞ്ഞടിക്കുന്ന ചിന്തകളായിരുന്നു.

സമയം കടന്നു പോകുന്നത്  അയാള്‍ അറിഞ്ഞില്ലവെയില്‍  മങ്ങുന്നു, സൂര്യ൯ പടിഞ്ഞാറേ  ചക്രവാളത്തില്‍  താഴ്ന്നു തുടങ്ങി. ആകാശത്ത്  വര്‍ണങ്ങളുടെ ചിത്രവേലകള്‍.ബീച്ചില് തിരക്ക് കൂടി വന്നു. കൂടുതലും കുട്ടികളാണ് . അവരുടെ കലപില വ൪ത്തമാനങ്ങള് , മിടായിയും ഐസ്ക്രീമും വില്ക്കുന്നവരുടെ തിരക്ക്. ബഹളമൊന്നും അയാളെ ഉണ൪ത്തിയില്ല.

ദൂരെ ഒരു ചുവന്ന പൊട്ടായി സൂര്യ൯ അസ്തമിക്കുന്നു. മറുവശത്ത്  ശുഭ്ര വസ്ത്രധാരിണിയായ ചന്ദ്ര ബിംബം പ്രത്യക്ഷപ്പെട്ടു. അന്നൊരു  പൌര്‍ണമിയയിരുന്നു.  കടല്‍ ചന്ദ്രിക വീണു വെട്ടിത്തിളങ്ങുന്നുബീച്ചില്‍ ആള്‍ത്തിരക്ക്    കുറഞ്ഞു കുറഞ്ഞു വന്നു. കച്ചവടക്കാരും എങ്ങോ പോയി കഴിഞ്ഞു

ഹരി ആകാശത്തേക്ക് നോക്കിക്കിടന്നു. പൂ൪ണചന്ദ്ര൯ ദൃശ്യമായിരുന്നു, ചന്ദ്രബിംബത്തിനു  തന്റെ മീരയുടെ മുഖമാണെന്ന്  തോന്നി. അവളുടെ നക്ഷത്രം തിരുവാതിരയാണെന്നയാള്‍  ഓര്‍ത്തു . ചന്ദ്രബിംബത്തിനടുത്തായി ഒരു തിളക്കമുള്ള നക്ഷത്രം പ്രത്യക്ഷപ്പെട്ടു. അത് താനായിരുന്നെങ്കില് എന്ന്  അയാള്‍ ആഗ്രഹിച്ചു


പഞ്ഞി പോലുള്ള  മേഘങ്ങള്‍ അവ൪ക്ക്  ചുറ്റും  ചുമരുകള്‍  തീര്‍ത്തു .   കൊട്ടാരത്തില് അവളും താനുമായിരുന്നു. അസംഖ്യം പരിചാരക൪ അവ൪ക്ക്  കാവല്‍  നിന്നു. അതിരുകളില്ലാത്ത ആകാശം അവ൪ക്ക് സ്വന്തമായിരുന്നു.  

ആകാശത്തിന്റെയും കടലിന്റെയും മട്ട് മാറിയത്  അയാള്‍ അറിഞ്ഞില്ല, നേ൪ത്ത പഞ്ഞിക്കെട്ട് പോലുള്ള  മേഘങ്ങള്‍ നിന്നിടത്ത് കട്ടിയുള്ള കാ൪മേഘപടലങ്ങള് കൊണ്ട് മൂടി. ദിക്കുകള് ഇരുണ്ടു , എങ്ങും കനത്ത അന്ധകാരം. അയാളൊഴികെ മറ്റൊരു മനുഷ്യ ജീവി പോലും അവിടെയെങ്ങും ഇല്ലായിരുന്നു. ശക്തമായ മഴയും കാറ്റും, തിരകള്ക്ക് രുദ്ര ഭാവം കൂടി കൂടി വന്നു

ശക്തമായി ഉയ൪ന്നു വന്ന ഒരു തിര അയാളെ കടലിലേക്കെടുത്തു കൊണ്ട് പോയി. അയാള് കടലിന്റെ അഗാധതയിലേക്ക്  പോയി മറഞ്ഞു.

-           -           -           -           -           -           -           -           -          

പതിയെ കാറ്റും കോളും ശമിക്കാ൯ തുടങ്ങി. , ദിക്കുകള് പ്രകാശമാനമായി. മാനത്ത് നക്ഷത്രങ്ങള് ഇമ ചിമ്മാ൯ തുടങ്ങി; അപ്പോള് മുമ്പത്തേക്കാള്‍ ശോഭയോടെ  ചന്ദ്രബിംബവും നക്ഷത്രവും ആകാശത്ത് തെളിഞ്ഞു നിന്നു.


                                 *********************************



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ