2012, മാർച്ച് 29, വ്യാഴാഴ്‌ച

നാഗമാണിക്യം

ഉണ്ണിക്കുട്ടന് ഒരേയൊരു ആഗ്രഹമേയുള്ളൂ ... നാഗമാണിക്യം നേരില്‍  കാണണം. അവന്റെ മുത്തശ്ശി പറഞ്ഞതാണ്.----- നാഗമാണിക്യം കണ്ടാല്‍  മനസ്സില്‍  വിചാരിക്കുന്ന ഏതെങ്കിലും ഒരു കാര്യം സാധിക്കും. പക്ഷെ അങ്ങനെ എല്ലാവര്‍ക്കും നാഗമാണിക്യം കാണാന്‍  കിട്ടില്ല. അമാവാസി ദിവസങ്ങളില്‍   സന്ധ്യാ സമയങ്ങളില്‍   സ൪പ്പം ഈ മാണിക്യവും തലയില് വച്ച് തെക്കോട്ട് പറക്കുമെന്നാണ് വിശ്വാസം.
അതിന്റെ നീല നിറത്തിലുള്ള ദ്യുതി കണ്ടാല്‍   ജ൯മം സഫലമായി. ഇതു പറയുമ്പോള്‍  മുത്തശ്ശിയുടെ കണ്ണുകള്‍  മാണിക്യം പോലെ തിളങ്ങുമായിരുന്നു. മുത്തശ്ശി നാഗമാണിക്യം ഒരു തവണ കണ്ടിട്ടുണ്ട്, അങ്ങനെ കണ്ടതിന്റെ ഫലമാണത്രേ അവന്റെ അച്ച൯  ജനിച്ചത്.
അന്ന് തൊട്ട് ഉണ്ണിക്കുട്ടന്‍  എല്ലാ അമാവാസികളിലും സന്ധ്യാ സമയം മുഴുവനും ആകാശത്തേക്ക് നോക്കിയിരിക്കാറുണ്ട്, പക്ഷെ നാഗമാണിക്യം കാണാനുള്ള ഭാഗ്യം അവനു ഉണ്ടായിട്ടില്ല. അതൊന്നു കണ്ടിട്ട് വേണം അവന് കൂട്ടുകാരോട് പോയി പറയാ൯.
ഉണ്ണിക്കുട്ട൯ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൂടെയാണ് താമസിക്കുന്നത്. അവന് ഒരു വയസ്സുള്ളപ്പോഴാണ് അമ്മയുടെ മരണം. അന്ന് തൊട്ട് മുത്തശ്ശിയും മുത്തശ്ശനുമാണ്  അവനെ നോക്കുന്നത്. അച്ഛന്‍  ഡല്ഹിയിലാണ് ജോലി ചെയ്യുന്നത്. വ൪ഷത്തില്‍  ഒരു തവണയേ അച്ഛന്‍ നാട്ടിലേക്ക് വരാറുള്ളൂ.
സ്കൂളില്‍  നിന്നു വന്നു കഴിഞ്ഞാല്‍  അവ൯ മുത്തശ്ശന്റെയും  മുത്തശ്ശിയുടെയും കൂടെയാണ്മുത്തശ്ശ൯ അവന് നല്ല നല്ല കഥകള്‍  പറഞ്ഞു കൊടുക്കും, കൂടുതലും രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും കഥകള്‍ . മുത്തശ്ശി പറയുന്നത് മിക്കവാറും പുരാണ കഥകളായിരിക്കും. അങ്ങനെ ഒരു ദിവസമാണ് മുത്തശ്ശി നാഗമാണിക്യ ത്തിന്റെ കഥ അവനോടു പറയുന്നത്.
അത് കേട്ടതില്‍  പിന്നെ അവന് ഒരേ ഒരാഗ്രഹമേയുള്ളൂ ; അമ്മയെ ഒരിക്കല്‍  കൂടെ നേരില്‍  കാണണം. ഓര്‍മയുറക്കുന്ന കാലത്തിനു മുന്‍പേ കണ്‍മുന്നില്‍  നിന്നു മറഞ്ഞതാണ് അമ്മ. പിന്നീട് ചുമരില്‍  മാലയിട്ടു വച്ചിരിക്കുന്ന ഫോട്ടോയിലൂടെ മാത്രമേ അവ൯ അമ്മയെ കണ്ടിട്ടുള്ളൂ.



ഇന്ന് വൃശ്ചിക മാസത്തിലെ അമാവാസിയാണ്. വീടിനടുത്തുള്ള സ൪പ്പക്കാവില്‍  ഇന്ന് വിശേഷ പൂജയുണ്ട്. സ൪പ്പങ്ങള്‍ക്ക്  നൂറും പാലും നിവേദിക്കും. പുണ്യ മാസമായ വൃശ്ചികത്തിലെ അമാവാസി നാളില്‍   നാഗമാണിക്യം കാണാനാകുമെന്നാണ്  മുത്തശ്ശി പറഞ്ഞത്.  ഉണ്ണിക്കുട്ടന്‍  സ്കൂളില്‍  നിന്നും മടങ്ങി വരുന്ന വഴിയരികിലാണ് സ൪പ്പക്കാവ്. മടങ്ങി വരുമ്പോള്‍  കാവിന്റെ മുന്നില്‍  വിളക്ക് തെളിച്ചിട്ടുണ്ടായിരുന്നു.  
അവ൯ സന്ധ്യക്ക് മുന്‍പ് തന്നെ കുളിച്ചു വൃത്തിയായി സന്ധ്യാ പ്രാര്‍ത്ഥനയും കഴിഞ്ഞ് മുറ്റത്തെത്തി. മുറ്റത്ത് ഒരു പുല്‍പ്പായ വിരിച്ച് അതില്‍  കിടന്നാണ് ആകാശത്തിലേക്ക് നോക്കാറുള്ളത്. കണ്ണ് ചിമ്മാതെ അവ൯ ആകാശത്തേക്ക് നോക്കി കിടന്നു. നക്ഷത്രങ്ങള്‍  അവനെ നോക്കി കണ്ണ് ചിമ്മി. എപ്പോഴാണെന്നറിയില്ല നിദ്ര അവന്റെ കണ്ണുകളിലേക്ക്‌  ഒഴുകിയെത്തിയത്.
ഉറക്കത്തില്‍  സ്വപ്നങ്ങളില്‍  അവ൯ അവന്റെ അമ്മയെ കണ്ടു. അമ്മ അവനെ എടുക്കുന്നതും ലാളിക്കുന്നതുമെല്ലാം.
മുത്തശ്ശിയും മുത്തശ്ശനും കൂടി അവനെ എടുത്ത് കട്ടിലില്‍  കൊണ്ട് കിടത്തി. അപ്പോഴും ഉണ്ണിക്കുട്ടന്റെ മുഖത്ത് തെളിമയുള്ള പുഞ്ചിരിയുണ്ടായിരുന്നു --------  ആയിരം മാണിക്യക്കല്ലുകള്‍   ചേര്‍ത്ത് വച്ചത് പോലുള്ള വെണ്മയോടെ.

                                                *******************************

1 അഭിപ്രായം: