2020, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ഹബിൾ സ്പേസ് ടെലസ്കോപ്പ് - ഒരു വീണ്ടു വിചാരം.

ഹബിൾ സ്പേസ് ടെലസ്കോപ്പ് പകർത്തിയ ചിത്രമാണിത്. കോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ഒരു മഹാവിസ്ഫോടനത്തിലൂടെ ഉണ്ടായതാണ് ഈ പ്രപഞ്ചം. 


അനന്തകോടി നക്ഷത്രങ്ങളിൽ ഒന്നുമാത്രമായ സൂര്യൻ - അതിന്റെ കേവലം മൂന്നാമത്തെ ഗ്രഹമായ ഭൂമിയിൽ മൂന്നിലൊന്നായ കരയിൽ വസിക്കുന്ന ഹോമോസാപ്പിയൻസ് ഇനത്തിൽപ്പെട്ട ജീവികൾ ആണല്ലോ നമ്മൾ.

ആദ്യകാലത്ത് പാൻജിയ ഇന്നും പന്തലാസ എന്നും വിഭജിക്കപ്പെട്ട കിടന്നിരുന്ന ഒറ്റ കരയും കടലുമായിരുന്നു ഭൂമി. പിന്നീട് ഭൂകമ്പങ്ങൾ മൂലം പ്ലേറ്റുകൾ അകന്ന് വൻകരകൾ രൂപംകൊണ്ടു . നിർദ്ദിഷ്ട അതിർവരമ്പുകൾക്കുള്ളിൽ രാജ്യങ്ങൾ ഉണ്ടായി. അങ്ങനെ ശിലായുഗവും ലോഹയുഗവും പിന്നിട്ട് ഇപ്പോൾശാസ്ത്ര യുഗത്തിൽ എത്തി നിൽക്കുന്നു.

ഹോമോ സാപ്പിയൻസ് എന്ന ഒറ്റ ജാതിയായി അവർ അവരെത്തന്നെ നാമകരണം ചെയ്തു. എന്നാൽ ഒറ്റ ജാതി പോരാത്തതിനാലാവണം അവർ വിവിധങ്ങളായ ജാതികളും ഉപജാതികളും പടച്ചുണ്ടാക്കി. വിവിധ രാജ്യങ്ങളിലുള്ളവർ ദേശീയതയുടെ പേരിലും രാജ്യത്തിനകത്തുള്ളവർ ജാതി മതത്തിൻറെ പേരിലും സംഘർഷങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. 

ഈ മഹാപ്രപഞ്ചത്തിൽ ഒരു മൊട്ടുസൂചിയുടെ അത്രപോലും വലിപ്പമില്ലാത്ത ഈ ഭൂമിയിൽ ജീവിക്കാൻ കിട്ടിയ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. പ്രപഞ്ചത്തിൽ ഒരു പൊട്ടു പോലുമല്ലാത്ത മനുഷ്യന് പ്രപഞ്ചത്തിന്റെ അത്ര വലിപ്പത്തിൽ അഹങ്കാരം ഉണ്ട്. നമുക്ക് കിട്ടിയ ജീവിതം നന്മകൊണ്ട് അടയാളപ്പെടുത്തുക
ഒരു വീണ്ടുവിചാരം ഉണ്ടാക്കിത്തന്ന ഹബിൾ ടെലിസ്കോപ്പ്നും നന്ദി.
നിർത്തുന്നു പ്രിയ കൂട്ടുകാരെ .

2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

ആട് ബിജുവിന്റെ ആത്മകഥ

ആട് ബിജുവിന് ആ പേര് കിട്ടിയത് കഴിഞ്ഞ കൊല്ലം ഓണത്തിനായിരുന്നു. അത് വരെ അവന്‍ വെറും ബിജുവായിരുന്നു.ആ കഥ വഴിയെ പറയാം.  ബിജുവിന് വീട്ടില്‍ അമ്മ മാത്രമേ ഉള്ളൂ , അച്ഛന്‍ നേരത്തെ മരിച്ചു പൊയതാണ്. ഒരു പെങ്ങളുണ്ടായിരുന്നതിന്റെ കല്യാണം രണ്ടു വര്‍ഷം മുന്‍പ് കഴിഞ്ഞു. ഇപ്പോള്‍ വീട്ടില്‍ ബിജുവും അമ്മയും മാത്രം. വീടും മുപ്പത്തഞ്ചു സെന്റ് സ്ഥലവും, വീടെന്നു പറഞ്ഞാല്‍ അത്യാവശ്യം നല്ല കണ്ടീഷനിലുള്ള വീടായിരുനു. ബിജുവിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ നല്ല അധ്വാനിയായിരുന്നു, ഒരു രൂപ പോലും വെറുതെ കലയില്ല. അങ്ങനെ സ്വരുക്കൂട്ടിയ പണം കൊണ്ടാണ് ആ വീടുണ്ടാക്കിയത്. രണ്ടു ബെഡ്റൂമും ഹാളും അടുക്കളയും സിറ്റ്ഔട്ടുമുള്ള ഒരു നല്ല വീട്. 

എന്നാല്‍ ബിജു അച്ചനെപ്പോലെയായിരുന്നില്ല, നല്ല അധ്വാനിയായിരുന്നെങ്കിലും കിട്ടുന്നതില്‍ ഏറിയ പങ്കും കുന്നത്തെ ശങ്കരന്‍ ചേട്ടന്റെ ഷാപ്പില്‍ കൊണ്ട് പോയി കളയുകയായിരുന്നു ബിജുവിന്റെ രീതി. എന്നാലും വീട്ടിലേക്കുള്ള അരിയും സാധനങ്ങളും വാങ്ങിക്കുന്നതില്‍ അവന്‍ വീഴ്ച വരുത്തിയിരുന്നില്ല. 

ഞങ്ങളുടെ നാട്ടിലെ ഓണാഘോഷമെന്നാല്‍ അത് ഗ്രാമത്തിലുള്ളവരുടെ മുഴുവന്‍ ഒരുമിച്ചുള്ള ആഘോഷമാണ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. വടം വലി, കസേര കളി, സുന്ദരിക്ക് പൊട്ട് തൊടീല്‍ എന്നിവയെല്ലാം ഉണ്ടാകും.

കായിക  മത്സരത്തിലെ ഗ്ലാമര്‍ ഇനമാണ് വൈകുന്നേരത്തെ 'വടത്തെ ഞാലല്‍'. ഞങ്ങള്‍ കോതുചിറ എന്ന് വിളിക്കുന്ന ഒരു വലിയ കുളമുണ്ട്. അതിന്റെ രണ്ടറ്റത്തുമുള്ള തെങ്ങിന്മേല്‍ ഒരു വടം വലിച്ചു കെട്ടും. അതിന്റെ ഒരറ്റത്ത് നിന്നും വടത്തില്‍ കൂടി ഞാലി മറു കരയെത്തണം, അതാണ്‌ മത്സരം. കോതുചിറയ്ക്ക് കുറുകെ ഏതാണ്ട്  ഇരുപത്തഞ്ചു മീറ്റര്‍ നീളത്തിലാണ് വടം വലിച്ചു കെട്ടിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആരും ഈ മത്സരത്തില്‍ ജയിക്കാറില്ല എന്നതാണ് വാസ്തവം. അവസാന വിജയം നേടിയ വിജയന്‍ ചേട്ടന്‍ ഇപ്പോള്‍ മത്സരങ്ങളില്‍ നിന്നും വിരമിച്ച് റഫറിയായി ഡ്യൂട്ടി ചെയ്യുന്നു.

ഗ്ലാമര്‍ ഇനമായിരുന്നതിനാല്‍  'വടത്തെ ഞാലലിനു' ധാരാളം കാണികളുമുണ്ടായിരുന്നു. ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ ഒട്ടുമിക്കവാറും പേരും ഉണ്ടാകുമെന്നതിനാല്‍ നാട്ടിലെ ചെറുപ്പക്കാരെല്ലാം ഇതില്‍ പാര്‍ടിസിപേറ്റ് ചെയ്യുമായിരുന്നു.

അങ്ങനെ കഴിഞ്ഞ കൊല്ലം  ഓണത്തിലെ മത്സരം .......  ആദ്യം കയറിയ ഏഴു പേരും പകുതി പോലും എത്തുന്നതിനു മുന്‍പ് പിടി വിട്ട് കുളത്തിലേക്ക്‌ വീണു. എട്ടാമതായി ബിജുവാണ് മത്സരിക്കുന്നത്.....  അവന്റെ മുഖത്ത് ആത്മവിശ്വാസം സ്ഫുരിച്ചിരുന്നു. തനിക്ക് അപ്പുറം ചെല്ലാന്‍ കഴിയും, അവന്റെ മനസ്സ് അവനോട് പറഞ്ഞു. ഓരോ പിടിയും സൂക്ഷിച്ച് പിടിച്ച് ബിജു തന്റെ പ്രയാണം ആരംഭിച്ചു, അങ്ങനെ ഏകദേശം പകുതിയായി. കുളത്തിന്റെ രണ്ട് സൈഡിലും നില്‍ക്കുന്ന നാരീമണികള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച കൊണ്ടിരുന്നു.   

നടുക്ക് ചെന്നപ്പോള്‍ ബിജുവിന് ഒന്ന് രണ്ട് അഭ്യാസങ്ങള്‍ കാണിച്ചാല്‍ കൊള്ളാമെന്നു തോന്നി. കൈകള്‍ വടത്തില്‍ പിടിച്ചു കൊണ്ട് ജിംനാസ്റ്റിക്സ് താരങ്ങള്‍ ചെയ്യുന്നത് പോലെ അവന്‍ ഒന്ന് രണ്ട് മലക്കം മറിഞ്ഞു. പിന്നീട് കാല്‍ വടത്തില്‍ കോര്‍ത്ത്‌ കൊണ്ട് തല കീഴായി കിടന്നു. ബിജുവിന്റെ അഭ്യാസങ്ങള്‍ കണ്ട് കരയില്‍ നല്ല കയ്യടി. അങ്ങനെ കിടക്കുന്നതിനിടയില്‍ അവന്റെ കാല്‍ എങ്ങനെയോ വടത്തില്‍ കുരുങ്ങി, എത്ര ശ്രമിച്ചിട്ടും അഴിയുന്നില്ല. അഴിക്കാന്‍ നോക്കുന്തോറും അത് കൂടുതല്‍ പിണയുന്നു. അവന്‍ കുളത്തിന്റെ ഒത്ത നടുക്ക് വടത്തില്‍ തൂങ്ങി നിന്ന് ആടാന്‍ തുടങ്ങി, ക്ലോക്കിന്റെ പെന്‍ഡുലം ആടുന്നത് പോലെ. കണ്ടു നിന്നവര്‍ ഇതൊരഭ്യാസമാണെന്നാണ് ധരിച്ചത്.

ബിജു ചുറ്റും നോക്കി..... വിളിച്ചു കൂവിയാല്‍ മാനം പോകും .... പക്ഷെ എന്ത് ചെയ്തിട്ടും കുരുക്കഴിയുന്നില്ല. അവന്റെ വായില്‍ നിന്നും അവനറിയാതെ തന്നെ ആ ശബ്ദം പുറത്തു ചാടി.

" അയ്യോ ..... രക്ഷിക്കണേ.... "

അപ്പോഴാണ്‌ അതൊരഭ്യാസമല്ല  അപകടമായിരുന്നെന്നു കണ്ടു നിന്നവര്‍ക്ക് മനസ്സിലായത്. വടത്തിന്റെ ഒരറ്റം അഴിച്ച് അവനെ താഴെയിറക്കി. അങ്ങനെ വടത്തില്‍ തൂങ്ങിയാടിയത് കൊണ്ട് 'ആടും  ബിജു' എന്ന പേര് വീണു. ആ പേര് ക്രമേണ ലോപിച്ച് 'ആട് ബിജു' എന്നായി മാറി. അല്ലാതെ ആട് എന്ന ജീവിയുമായി ബിജുവിന് യാതൊരു ബന്ധവും ഇല്ല.

ഇപ്രാവശ്യത്തെ ഓണത്തിന് ആട് ബിജു കണക്കു തീര്‍ത്ത് പ്രതികാരം ചെയ്തു. വടത്തില്‍ തൂങ്ങി മറുകര എത്തി. അങ്ങനെ വിജയന്‍ ചേട്ടന്‍ ആറ് വര്‍ഷമായി ഹോള്‍ഡ്‌ ചെയ്തിരുന്ന കിരീടം ആട് ബിജുവിന്റേതായി. ജയിച്ചു കഴിഞ്ഞ ശേഷം ഇട്ടിരുന്ന ബനിയനൂരി അവന്‍ ആഹ്ലാദം പ്രകടിപ്പിച്ചു. തന്റെ ശരീര സൌന്ദര്യത്തില്‍ ആ പഞ്ചായത്തിലെ മുഴുവന്‍ പെണ്‍കുട്ടികളും മയങ്ങിപ്പോയെന്ന് ആട് ബിജു അവകാശപ്പെട്ടു.

കിരീട ധാരണത്തിന് ശേഷം ആട് ബിജുവിന് നാട്ടില്‍ ഒരു മേല്‍വിലാസമായി. എന്നാലും ആ പേരിനു മാത്രം ഒരു മാറ്റവുമില്ല. ചിലപ്പോള്‍ അവന്റെ അമ്മ പോലും ആ പേരിലാണ് അവനെ വിളിക്കാറുള്ളത്.

ബിജു സ്ഥലത്തെ ഒരു ഇഷ്ടിക കമ്പനിയിലാണ് ജോലി ചെയ്യുന്നത്. നല്ല അധ്വാനിയായതിനാല്‍ മുതലാളിക്ക് അവനെ വല്യ കാര്യവുമായിരുന്നു. ചെളി കുഴച്ച്  അച്ച് നിരത്തി അതില്‍ ചെളി നിറച്ച് ചുട്ടെടുത്താണ്  ഇഷ്ടികയുണ്ടാക്കുന്നത്.  രണ്ടു പേരുടെ പണി അവന്‍ ഒറ്റയ്ക്ക് ചെയ്യും , അതു കൊണ്ടു തന്നെ അവന് അല്പം കൂലി കൂട്ടികൊടുക്കാന്‍ മുതലാളിക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.

പനിയോ ജലദോഷമോ വന്നാല്‍ ബിജുവിന് ഒരു ഒറ്റമൂലിയുണ്ട്, നേരെ ഷാപ്പില്‍ പോയി രണ്ടെണ്ണം  അടിക്കുക. കൂടെ നല്ല കുരുമുളകിട്ടുണ്ടാക്കിയ ചൂട് താറാവിറച്ചിയും .... പിറ്റേന്ന്  പനി പമ്പ കടക്കുമെന്നാണ് ബിജുവിന്റെ ഭാഷ്യം.

അന്നേതോ ജലദോഷം പ്രമാണിച്ച് ഷാപ്പില്‍ നിന്നും രണ്ടെണ്ണം കൂടുതലടിച്ചിട്ടാണ് അവന്‍ വീട്ടിലെത്തിയത്.

"നീ വല്ലതും കഴിച്ചോ ..?" ....  അകത്ത് നിന്നും അമ്മയാണ്.

"ആ ..... കഴിച്ചു.....  അമ്മ ഇതു വരെ ഉറങ്ങിയില്ലെ...?"  അലസമായി ചോദിച്ചു കൊണ്ട്  അവന്‍     മുറിയിലേക്ക്  കയറി. നേരെ കട്ടിലിലേക്ക് വീണു.    

"എടാ നിന്നെ അന്വേഷിച്ച് ഒരു പെണ്ണ് വന്നിരുന്നു.. "

ബിജു കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു ....  അവന്‍ ഒന്ന് ഞെട്ടി. ഒരു പെണ്ണ് തന്നെ അന്വേഷിച്ച് വീട്ടില്‍ വരുകയൊ.. ?.... അവന്‍ അമ്മയുടെ അടുത്തെത്തി.

"ശരിക്കും അങ്ങനൊന്നുണ്ടായോ.... ?"

"എങ്ങനെ... ?"

"അല്ല .... എന്നെ അന്വേഷിച്ച് ആരെങ്കിലും വന്നിരുന്നോ ...?"

"ഓ ... ഒരു പെണ്ണ് ..... നീ  ഒണ്ടോന്നു ചൊദിച്ചു... ഞാന്‍ ഇല്ലാന്നും പറഞ്ഞു.... അവള്‍ പോവേം ചെയ്തു... "

"അവളുടെ പേര്  ചോദിച്ചില്ലേ... ?"

"ഇല്ല.... എനിക്ക് അടുക്കളയില്‍ ഒരു നൂറു കൂട്ടം പണിയുള്ളപ്പോഴാ..."

'എന്നാലും അവള്‍ ആര് . ?'

അന്നവന് ഉറങ്ങാനേ കഴിഞ്ഞില്ല.

ഇനി ഓണത്തിന് താന്‍ ഷര്‍ട്ടൂരി ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍ അത് കണ്ട ഏതെങ്കിലും പെണ്‍കുട്ടിയായിരിക്കും...

അവന്റെ രാവുകള്‍ നിദ്രാ വിഹീനങ്ങളായി.

ഒരു പെണ്‍കുട്ടി വീട്ടില്‍ വന്ന് അന്വേഷിക്കുക , തന്നെ കാണാതെ മടങ്ങുക.... തുടര്‍ന്നുള്ള നാലഞ്ചു ദിവസങ്ങളില്‍ അവന്‍ ജോലിക്ക് പോയില്ല..... അവളെങ്ങാനും അന്വേഷിച്ച് വന്നാലോ...?.  എന്തിന് ഷാപ്പില്‍ പോലും പോയിട്ടില്ല, ആദ്യം കുറെ ബുദ്ധിമുട്ടുകളുണ്ടായെങ്കിലും പിന്നീട് അതൊരു ശീലമായി. അങ്ങനെ ബിജു കള്ളുകുടി പോലും ഉപെക്ഷിച്ചു!.

ആറാം നാള്‍ ഒരാള്‍ അവനെ അന്വേഷിച്ചെത്തി. അത് മറ്റാരും ആയിരുന്നില്ല.... അവന്‍ ജോലി ചെയ്തിരുന്ന ഇഷ്ടിക കമ്പനി മുതലാളി ലംബോധരന്‍ പിള്ളയായിരുന്നു. വല്ല അസുഖവും പിടിച്ചാണ് പണിക്ക് വരാത്തതെന്ന് വിചാരിച്ച് ഒന്ന് കാണാനാണ് അദ്ദേഹം വന്നത്. എന്നാല്‍ കണ്ടത് കുളിച്ച് കുറിയും തൊട്ടു ഉമ്മറത്തിരിക്കുന്ന ബിജുവിനെയാണ്.  'നാളെ മുതല്‍ പണിക്കു വന്നില്ലെങ്കില്‍ പിന്നെ അങ്ങോട്ട്‌ വരണ്ട', എന്ന താക്കീത് നല്‍കിയിട്ടാണ് ലംബോധരന്‍ പിള്ള മടങ്ങിയത്.

പിറ്റേന്ന് തൊട്ട് ബിജു വീണ്ടും ഇഷ്ടിക കമ്പനിയില്‍ ജോയിന്‍ ചെയ്തു..... ആഴ്ച ഒന്ന് കഴിഞ്ഞിട്ടും അവളെ പറ്റി ഒരു വിവരവും കിട്ടിയില്ല. ഒടുക്കം അവന്‍ കൂട്ടുകാരോട് പറയാന്‍ തീരുമാനിച്ചു. അമ്മ പറഞ്ഞ ലക്ഷണങ്ങളൊക്കെ വച്ച് നോക്കിയിട്ടും ആ പഞ്ചായത്തിലെങ്ങും അങ്ങനൊരു പെണ്ണിനെ കണ്ടു പിടിക്കാനായില്ല.

രണ്ട് ദിവസത്തിന് ശേഷം കൂട്ടുകാരന്‍ അരവിന്ദനാണ് ആ കാര്യം പറഞ്ഞത്.....

"നീ പറഞ്ഞ ലക്ഷണങ്ങളൊക്കെയുള്ള ഒരു കുട്ടി വില്ലേജില്‍ ജോലി ചെയ്യുന്നുണ്ട്...."

കേട്ട പാതി .... കേള്‍ക്കാത്ത പാതി..... ബിജു വില്ലജാഫീസിലേക്ക്  തിരിച്ചു, കൂടെ ഇഷ്ടിക കളത്തിലെ കൂട്ടുകാരും. അര മണിക്കൂറിനുള്ളില്‍ വില്ലേജ് ആഫീസിലെത്തി. ബിജുവുന്റെ ഹൃദയം ഉച്ചത്തില്‍ വൈബ്രേറ്റ് ചെയ്തു. ഒരാഴ്ചയായി താന്‍ തിരയുന്ന പെണ്‍കുട്ടി. അവര്‍ വില്ലജാഫീസില്‍ കയറി മൊത്തത്തില്‍ അരിച്ചു പെറുക്കിയിട്ടും പെണ്‍കുട്ടികളെയാരെയും കണ്ടില്ല.

വില്ലേജ് ആഫീസര്‍ പിള്ള സാര്‍ പുറത്തേക്കു വന്നു. കൂട്ടുകാര്‍ കാര്യം വിശദമാക്കി.

"ഇവിടെ അങ്ങനെ പെണ്‍കുട്ടികളൊന്നുമില്ല..... പിന്നെ ഒരാഴ്ചത്തേക്ക് സര്‍വേ ആവശ്യത്തിന് വേണ്ടി ഒരു കുട്ടിയെ അപ്പൊയിന്റു ചെയ്തിട്ടുണ്ടായിരുന്നു.... അവള്‍ ജോലി കഴിഞ്ഞ് ഇന്നലെ തിരിച്ചു പോയി.

"അതെ .... എന്തായിരുന്നു ജോലി..?"... കൂട്ടുകാര്‍ ചോദിച്ചു.

"ഗവണ്മെന്റ്  ഓര്‍ഡര്‍ പ്രകാരം ഒരു വില്ലേജിനു കീഴിലുള്ള വീടുകളിലെല്ലാം ഒരു സര്‍വേ ഉണ്ടായിരുന്നു. ഏതൊക്കെ വീട്ടില്‍ വളര്‍ത്തു മൃഗങ്ങള്‍ ഉണ്ട്.... ഉണ്ടെങ്കില്‍ അവ എത്ര എണ്ണം എന്നറിയാനായിരുന്നു സര്‍വേ. .... ആവശ്യമുള്ളവര്‍ക്ക് ആട്ടിന്‍ കുട്ടികളെയും , കോഴി കുഞ്ഞുങ്ങളെയും സബ്സിഡിയോടെ കൊടുക്കും. ..... എന്താ ആര്‍ക്കെങ്കിലും ആവശ്യമുണ്ടോ..? പിള്ള സാര്‍ എല്ലാവരുടെയും മുഖത്തേക്ക് നോക്കി.

കേട്ടു നിന്നവര്‍ക്കെല്ലാം കാര്യം പിടി കിട്ടി....

അവള്‍ ആട് ബിജുവിന്റെ വീട്ടില്‍ ചെന്ന് ... 'ആടുണ്ടോ..?' എന്ന് ചോദിച്ചു കാണും. പറഞ്ഞും കേട്ടും ശീലമായതു കൊണ്ട്  'ആടുണ്ടോ...?' എന്ന് കേട്ട്   'ബിജുവുണ്ടോ' എന്നായിരിക്കും അമ്മ ധരിച്ചത് .... 'പുറത്താണ്' എന്നും പറഞ്ഞു കാണും. അവള്‍ ആടിനെ വല്ല പുല്ലോ മറ്റോ തീറ്റിക്കാന്‍ പുറത്തു കൊണ്ട് പോയി എന്ന് കരുതിക്കാണും.

അവിടെ കൂടി നിന്നവരെല്ലാം ചിരിച്ചു പോയി.....

എല്ലാവരും ബിജുവിനെ നോക്കി. അവന്‍  വില്ലേജാഫീസിന്റെ തൂണില്‍ ചാരി നിന്ന് ആടുകയാണ്. കൂട്ടുകാര്‍ അവനെ തട്ടി നോക്കി.... ബോധം പോയി അവന്‍ പുറകിലേക്ക് മറിഞ്ഞു. ഒരു സോഡ വാങ്ങി പൊട്ടിച്ച് ബിജുവിന്റെ മുഖത്തേക്ക് തളിച്ചു. അല്‍പ സമയത്തിനകം അവന്‍ കണ്ണ് തുറന്നു.

എണീറ്റ പാടെ ആട് , പെണ്ണ് എന്നൊക്കെ പിച്ചും പേയും പറയാന്‍ തുടങ്ങി. ആട് എന്ന ജീവിയോട് ജീവിതത്തിലാദ്യമായ്‌ അവന് കഠിനമായ വെറുപ്പ്‌ തോന്നി. ആട് എന്ന ജീവിയുമായി ഇനി ജീവിതത്തില്‍ ഒരു ബന്ധവുമില്ല, എന്ന് വില്ലേജാഫീസിന്റെ മുറ്റത്ത്‌ വച്ച് ദൃഡ പ്രതിജ്ഞയെടുത്ത ശേഷം ആട് ബിജു പുറത്തേക്കിറങ്ങി..... ശങ്കരന്‍ ചേട്ടന്റെ ഷാപ്പിലേക്ക്....         
   
                 ******************************************************

2013, ഫെബ്രുവരി 10, ഞായറാഴ്‌ച

ഉത്തര കാണ്ഡം

                                                                                                                                                ആലപ്പുഴ
                                                                                                                                              10/02/2013
നേരം ഇരുളുന്നു, ഞാന്‍ കടപ്പുറത്ത് നിന്നും എഴുന്നേറ്റു. ഇന്ന് ഏറെ നേരം ഈ മണല്‍പ്പരപ്പില്‍ ഇരുന്നു പോയി. ഇന്ന് തന്റെ ജീവിതത്തിലെ അവസാന ദിവസമല്ലേ.. അവസാന സൂര്യാസ്തമയം കണ്‍ കുളിര്‍ക്കെ കണ്ടു. ഇനിയൊരു സൂര്യോദയം കാണാന്‍ താന്‍ ഈ ഭൂമിയില്‍ ഇല്ല.

ബാങ്ക് അക്കൗണ്ട്‌ ക്ലോസ് ചെയ്ത വകയില്‍ ഒരു പതിനേഴായിരം രൂപ കയ്യിലുണ്ട്. ഇത്രയും കാലത്തെ ജീവിതത്തിലെ സമ്പാദ്യം , എനിക്ക് ചിരി വന്നു. കടല്‍ത്തീരത്ത്‌ കടലിനു അഭിമുഖമായി ഒരു വലിയ റെസ്ടോറെന്റുണ്ട് .... ഹോട്ടല്‍ 'സീ വ്യൂ'. വലിയ ധനികരും വിദേശികളും മാത്രം കയറുന്നിടം. വളരെ നാളത്തെ ആഗ്രഹമാണ്  അതില്‍ കയറി എന്തെങ്കിലും കഴിക്കുക എന്നത്.

ഞാന്‍ ഹോട്ടലിലേക്ക്  പ്രവേശിച്ചു. റിസപ്ഷനിലെ തരുണീമണികള്‍ സ്വാഗതം പറഞ്ഞു. റെസ്ടോറെന്റ്   മുകളിലാണ്, ലിഫ്റ്റ്‌ കയറി മുകളിലെത്തി. വളരെ വൃത്തിയായി സജ്ജീകരിച്ചയിടം. മഞ്ഞ കലര്‍ന്ന ഓറഞ്ച് വെളിച്ചം അവിടെയെങ്ങും നിറഞ്ഞു നിന്നു. നേര്‍ത്ത സംഗീത ധാര എവിടെ നിന്നോ ഒഴുകി വരുന്നു. ഞാന്‍ ചുറ്റും കണ്ണോടിച്ചു, വൃത്തിയായി വസ്ത്ര ധാരണം ചെയ്ത ആളുകള്‍ മേശയ്ക്ക്  ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നു. ചിലര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. വെയ്റ്റേഴ്സ് അങ്ങുമിങ്ങും നടക്കുന്നു. എനിക്ക് എവിടെയിരിക്കണമെന്ന് ഒരു ആശയക്കുഴപ്പമുണ്ടായി. എന്റെ ബുദ്ധിമുട്ട് കണ്ടു ഒരു പയ്യന്‍ അടുത്തേക്ക് വന്നു. ക്ലീനിംഗ് ആയിരിക്കാം അവന്റെ ജോലിയെന്ന് ഞാനൂഹിച്ചു. അവന്‍ എനിക്ക് ഒരു സീറ്റ്‌ കാണിച്ചു തന്നു. കൊള്ളാം  റെസ്ടോറെന്റിന്റെ ഒരു മൂലയിലാണ്, അധികമാരും ശ്രദ്ധിക്കാത്തയിടം. ചെറിയ മേശയാണ് രണ്ടു പേര്‍ക്ക് മാത്രം ഇരിക്കാവുന്നവ.

ഇവിടിരുന്നാല്‍ ഗ്ലാസ്സിലൂടെ കടലും കാണാം ... ഞാന്‍ കര്‍ട്ടനിടയിലൂടെ പുറത്തേക്കു നോക്കി, ദൂരെ ലൈറ്റ് ഹൌസ് തലയുയര്‍ത്തി നില്‍ക്കുന്നു. ഒരു കപ്പലിന്റെ പുകക്കുഴല്‍ ചക്രവാളത്തില്‍ കാണാം. 

"സര്‍.... മെനു..." .....  വെയ്ട്ടര്‍ മെനു കാര്‍ഡ്‌ കൊണ്ട് ടേബിളില്‍ വച്ചു. 

നാല് പേജൂള്ള  ഒരു വലിയ ലിസ്റ്റ്..  ഞാന്‍ അതിലൂടെ കണ്ണോടിച്ചു.  'സീവ്യൂ  സ്പെഷ്യല്‍'------         Rs: 5000/- ' മെനുവിലെ ഏറ്റവും വില കൂടിയ ഐറ്റം.  ഞാന്‍ അതു തന്നെ ഓര്‍ഡര്‍ ചെയ്തു. അര മണിക്കൂറെടുത്തു അത് കിട്ടാന്‍. പലയിനം സീ ഫുഡ്സ്  നിറഞ്ഞ ഒരു വിശിഷ്ട ഭക്ഷണം. ഞാന്‍ കഴിച്ചു കഴിഞ്ഞ് വെയ്ടര്‍ക്ക് ടിപ്പും കൊടുത്ത് പുറത്തേക്കിറങ്ങി.

സമയം 8.30... കയ്യില്‍ പന്ത്രണ്ടായിരം രൂപ ബാക്കിയുണ്ട് . കന്യാസ്തീകള്‍ നടത്തുന്ന ഒരു ഓര്‍ഫനേജ്  അടുത്തുണ്ട്. അവിടെ കയറി പതിനായിരം രൂപ ഡൊണേറ്റ് ചെയ്യാന്‍ തീരുമാനിച്ചു. അവിടുത്തെ ഹെഡ് സിസ്റ്റര്‍ റോസ്മേരി സംഭാവന കൈപ്പറ്റി രസീത് തന്നു. 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' ... എന്ന് ആശീര്‍വദിച്ചു. 'അനുഗ്രഹിക്കട്ടെ'... ഞാന്‍ മനസ്സില്‍ പറഞ്ഞു. 

ഇവിടുന്ന് പത്തു മിനിട്ട് നടക്കണം ദ്വാരകാ ലോഡ്ജിലേക്ക് ... ' ദ്വാരകാ  ലോഡ്ജ് '--- ഈ കിഴക്കിന്റെ വെനീസില്‍ തനിക്ക് അഭയം തന്ന ലോഡ്ജ് . മാസ വാടക ആയിരം രൂപ. ഓ ഞാന്‍ പറയാന്‍ മറന്നു...  ഞാന്‍ ഇവിടെയെത്തിയിട്ട് ഇന്നേക്ക് എട്ട്‌ മാസം തികയുന്നു. ടൌണിലെ 'മണി ഗ്രോ' ഫിനാന്‍സിലാണ് ജോലി. ഞാന്‍ വളര്‍ന്നത്‌ ഇടുക്കിയിലെ സെന്റ്‌ പീറ്റെഴ്സ്  ഓര്‍ഫനേജിലാണ്. ഡിഗ്രി പഠനം കഴിഞ്ഞ് ഒരു ജോലിയില്‍ പ്രവേശിച്ചു അവിടുത്തെ സ്ഥാപന മേധാവി ഫാദര്‍ ആന്റണി എനിക്ക് അവരുടെ സ്ഥാപനത്തില്‍ തന്നെ ജോലി തന്നു. ഊര്‍ജ സ്വലമായി തന്നെ ഞാന്‍ ജോലി ചെയ്തു. ഒരു വര്‍ഷത്തിന് ശേഷമാണ് വല്ലാത്ത മാനസിക അസ്വാസ്ഥ്യം ആരംഭിച്ചത്. മെഡിക്കല്‍ സയന്‍സ് 'സ്കിസോ ഫ്രീനിയ' എന്ന് വിളിക്കുന്ന മാനസിക വിഭ്രാന്തി രോഗം. ചെറുപ്പത്തില്‍ ഒരപകടം നേരില്‍ കണ്ടതിന്റെ പരിണിത ഫലം. ആ അപകടത്തില്‍ എനിക്ക് അച്ഛനും അമ്മയും നഷ്ടമായി, തുടര്‍ന്നുള്ള ജീവിതം ഈ   ഓര്‍ഫനേജിലായിരുന്നു.


രോഗം കൂടിയതോടെ ജോലിയില്‍   അനുനിമിഷം ശ്രദ്ധ കുറഞ്ഞു വന്നു. ചികിത്സയും മറ്റുമായി ഒരു  വര്‍ഷം  കൂടി കഴിഞ്ഞു . കൂടുതല്‍ കാലം അച്ഛനെ ബുദ്ധിമുട്ടിച്ച് അവിടെ നില്‍ക്കാന്‍ തോന്നിയില്ല രോഗം അല്പം കുറഞ്ഞപ്പോള്‍ ഇവിടെയുള്ള ഒരു സുഹൃത്ത്‌ മുഖേനയാണ് മണി ഗ്രോയില്‍ ജോലി കിട്ടിയത്.   അങ്ങനെ എട്ടു  മാസം മുന്‍പ് ഇവിടെ ജോയിന്‍ ചെയ്തു.

ഇവിടെയെത്തി ആദ്യത്തെ രണ്ടു മാസം വലിയ കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷെ പതിയെ അസുഖം തല പൊക്കി തുടങ്ങി. കൌണ്ടറില്‍  കാഷ് ടാലി ആക്കാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടി. ജോലി കൃത്യ സമയത്ത് ചെയ്തു തീര്‍ക്കാന്‍ ഞാന്‍ വളരെ കഷ്ടപ്പെട്ടു. ആര്‍ക്കും വേണ്ടാത്ത ഈ ജീവിതം അവസാനിപ്പിക്കാന്‍ അന്നേ തീരുമാനിച്ചതാണ് അവിടുന്നങ്ങോട്ട് ഈ ജീവിതം ആറു മാസം കൂടി നീട്ടി കിട്ടിയതിന് നന്ദി ഒരാളോട് മാത്രം.... മഞ്ജരി.... അവള്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്റ്റെനൊഗ്രാഫറാണ്. എന്നും രാവിലെ കാണുന്ന അവളുടെ ചിരിച്ച മുഖം എനിക്ക് എന്തെന്നില്ലാത്ത ഉത്സാഹം നല്‍കി. ഞാന്‍ മുകളിലെ നിലയിലും അവള്‍ താഴത്തെ നിലയിലുമാണ് ഇരിക്കുന്നത്, അവളുടെ മുന്നില്‍ കൂടിയാണ് ഞാന്‍ എന്നും  മുകളിലേക്ക് കയറുന്നത്. അവളെ കാണുന്ന ഓരോ ദിവസവും എന്റെ ആയുസ്സില്‍ ഓരോ ദിവസം കൂടുതല്‍ നല്‍കി. ഒറ്റപ്പെട്ട ഈ ലോഡ്ജ് മുറിയില്‍ അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ വലിയ ആശ്വാസമായിരുന്നു. അവളില്ലാത്ത ഒരു ദിവസം എങ്ങനെയെങ്ങിലും പെട്ടെന്ന് തീരണേയെന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. ഒരിക്കലും പറഞ്ഞിട്ടില്ലെങ്കിലും ആ കണ്ണുകള്‍ പറയുമായിരുന്നു അവള്‍ക്കെന്നെ ഇഷ്ടമാണെന്ന്. പക്ഷെ  അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ എനിക്കാവുമായിരുന്നില്ല. ഏത് നിമിഷവും ഞാന്‍ ഒരു മുഴു ഭ്രാന്തനായേക്കാം.... ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന നേര്‍ത്ത ഭിത്തിയില്‍ മൂര്‍ച്ചയുള്ള അരം കൊണ്ട് ഉരസ്സുന്നത് പോലുള്ള അനുഭവം.

നടന്നു നടന്നു ലോഡ്ജിനടുത്തെത്തി , ഓരോന്നാലോചിച്ച് നടന്നതിനാല്‍ സമയം പോയതറിഞ്ഞില്ല
ഇന്ന് ഫെബ്രുവരി 10 തന്റെ ജന്മ ദിനമാണല്ലോ ഒരു നിമിഷം വെറുതെ ഓര്‍ത്തു പോയി.
പണ്ടെങ്ങോ ആഘോഷിച്ച് മറന്നു പോയ ദിവസം.

ലോഡ്ജിന് അകത്തേക്ക് കയറിയപ്പോള്‍ കൌണ്ടറില്‍ ധര്‍മലിംഗം. -- ധര്‍മലിംഗം ദ്വാരകാ ലോഡ്ജിന്റെ പാര്‍ട്ട്‌നറാണ്.

" എന്ന തമ്പീ ... സൌഖ്യം തന്നെ...?"   പതിവ്  ശൈലിയിലുള്ള അഭിവാദ്യം.

ഞാന്‍ കൌണ്ടറിലേക്ക് ചെന്നു. ബാക്കിയുള്ള രണ്ടായിരം രൂപ അവിടെ ഏല്‍പ്പിച്ചു

"എന്ന തമ്പീ രണ്ടായിരം.... ആയിരം താന്‍ പോതും ..."

"സാരമില്ല ചിലപ്പോള്‍ അടുത്ത മാസം തരാന്‍ പറ്റിയില്ലെങ്കിലോ....?"

എന്റെ മുറി രണ്ടാം നിലയില്‍ ഏതാണ്ട് മദ്ധ്യ ഭാഗത്താണ്. ഞാന്‍ മുറിയിലെത്തി, വാതിലടച്ച്‌ കുറ്റിയിട്ടു. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന വിഷ ദ്രാവകം കട്ടിലിന്റെ സൈഡില്‍ നിലത്ത് ഒരു കുപ്പിയിലുണ്ടായിരുന്നു. സമയം 10.30 , ലോകം ഉറക്കത്തിലേക്ക് പോകുന്ന സമയം.... അവസാനമായി ഒരൊറ്റ പ്രാര്‍ത്ഥന മാത്രം. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അത് വീണ്ടും ഈ പച്ചച്ച മലയാള മണ്ണില്‍ തന്നെയാവണം. ഓര്‍മ്മയിലേക്ക് അച്ചന്‍ , അമ്മ , ഓര്‍ഫനേജ് , ഫാദര്‍ ...... അവസാനമായി മഞ്ജരി.......പ്രിയപ്പെട്ടവരേ നിങ്ങളൊക്കെ അടുത്ത ജന്മത്തിലും എന്റെ വേണ്ടപ്പെട്ടവര്‍ തന്നെയാകണമേ..... കാലമേ വിട...... ലോകമേ വിട...... പ്രപഞ്ചമേ വിട....... വീണ്ടും കാണും വരെ....... ഇനിയൊരു ജന്മമുണ്ടെങ്കില്‍.........  

                    *************************************************

2012, ഡിസംബർ 14, വെള്ളിയാഴ്‌ച

കൊച്ചുവേളി - ബാംഗ്ലൂര്‍ എക്സ്പ്രസ്സ്‌

കൊച്ചുവേളിയില്‍ നിന്നും ബാംഗ്ലൂര്‍ സെന്‍ട്രല്‍ വരെ പോകുന്ന കൊച്ചുവേളി  ബാംഗ്ലൂര്‍ എക്സ്പ്രസ്സ്‌ 18 മണി 45 മിനിട്ടിനകം ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് വന്നെത്തുമെന്ന അറിയിപ്പ് പ്ലാറ്റ്ഫോമില്‍ മുഴങ്ങി.

ട്രെയിന്‍ വരാന്‍ ഇനിയും 25 മിനിട്ട് കൂടിയുണ്ട്. ഞാന്‍ പ്ലാറ്റ്ഫോമിലെ ബഞ്ചില്‍ ഒന്ന് കൂടെ അമര്‍ന്നിരുന്നു. ജോലി ചെയ്യുന്ന കമ്പനിയുടെ ആവശ്യത്തിനായി ഒരു എക്സിക്യൂട്ടീവ് മീറ്റിങ്ങില്‍ പങ്കെടുക്കാനാണ് ബാംഗ്ലൂരിലേക്ക് പോകുന്നത്. അങ്ങനെ ട്രെയിന്‍ കാത്തിരിക്കുമ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ട്രയിനിലെ ഒരു ബാംഗ്ലൂര്‍ യാത്ര ഓര്‍മയില്‍ വന്നത്. 
---------------------------



അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രസ്തുത സംഭവം നടക്കുന്നത്. ഡിഗ്രി കഴിഞ്ഞു ജോലി അന്വേഷിച്ച് അലയുന്ന കാലം അങ്ങനെ ഇരിക്കെയാണ് ബാംഗ്ലൂരില്‍ ഒരു ഇന്റര്‍വ്യൂ  തരപ്പെട്ടത്. ജോബ്‌ സൈറ്റ് വഴി വന്ന ഇന്റര്‍വ്യൂ ആണ്. അങ്ങനെ ബാംഗ്ലൂര്‍ക്ക് പോകാന്‍ തീരുമാനിച്ചു ബാംഗ്ലൂര്‍ ഒന്ന് കാണുകയും ചെയ്യാമല്ലോ.  ഇന്റര്‍വ്യൂവിന് രണ്ടു ദിവസം മുന്‍പ് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ്‌ റിസേര്‍വ് ചെയ്യാന്‍ ചെന്നു. എന്നാല്‍ ബാംഗ്ലൂര്‍ക്കുള്ള ടിക്കറ്റുകളൊന്നും ലഭ്യമല്ലായിരുന്നു.   കൊച്ചുവേളി - ബാംഗ്ലൂര്‍ എക്സ്പ്രസ്സില്‍  തത്കാല്‍  ടിക്കറ്റ്‌ ലഭ്യമായിരുന്നു. പക്ഷെ ട്രെയിനിനു കായംകുളത്ത് സ്റ്റൊപ്പില്ല , ആലപ്പുഴയില്‍ നിന്നും കയറണം. എന്തായാലും ടിക്കറ്റ്‌ എടുക്കാന്‍ തീരുമാനിച്ചു. 

യാത്രയ്ക്കുള്ള ദിവസമായി ........  ട്രെയിന്‍ വൈകിട്ട് 7:05 നാണ് ആലപ്പുഴയില്‍ എത്തുന്നത്‌ ഞാന്‍ 4 മണിക്ക് വീട്ടില്‍ നിന്നും പുറപ്പെട്ടു. 6 മണിക്ക് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ഇനിയും  ഒരു  മണിക്കൂറോളം സമയം ഉണ്ട്.  സ്റ്റേഷനടുത്തുള്ള ഹോട്ടലില്‍ നിന്നും കാപ്പി കുടിച്ചു. ട്രെയിന്‍ എത്താറാകുന്നു എന്നാ അനൗണ്‍സ്മെന്റ് പ്ലാറ്റ്ഫോമില്‍ മുഴങ്ങി. ഞാന്‍ ഒന്ന് കൂടെ ടിക്കറ്റെടുത്ത് നോക്കി , s 5  കോച്ചിലെ പതിനേഴാം നമ്പര്‍ ബര്‍ത്താണ് എനിക്ക് കിട്ടിയിരിക്കുന്നത്. കോച്ച് വന്ന് നില്‍ക്കുന്ന പൊസിഷന്‍ നോക്കി ഞാന്‍ അവിടെ നിന്നു. അല്‍പ്പ സമയത്തിനകം ട്രെയിന്‍ എത്തി. പതിനേഴാം നമ്പര്‍ കണ്ടു പിടിച്ചു , മിഡില്‍ ബര്‍ത്താണ്. ഞാന്‍ സീറ്റില്‍ ഇരുന്നു. പത്ത് മിനിട്ടിനകം ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു. 

എന്റെ കംപാര്‍ട്ട്മെന്റില്‍ എന്നെ കൂടാതെ അഞ്ച് പേര്‍ കൂടി ഉണ്ടായിരുന്നു. എന്റെ സീറ്റില്‍   ഒരു പെണ്‍കുട്ടി, എതിരെയുള്ള സീറ്റില്‍ ഒരു വയസ്സായ മനുഷ്യന്‍ , അപ്പര്‍ ബര്‍ത്തില്‍ ഒരു ചെറുപ്പക്കാരന്‍ , സൈഡ് സീറ്റില്‍ രണ്ട് കന്നടക്കാര്‍. പണ്ട് തൊട്ടേ ഉള്ള ശീലമാണ് - ചുറ്റും കാണുന്നതെല്ലാം ഒബ്സര്‍വ് ചെയ്യുക എന്നത്.... അതിനാല്‍ എല്ലാവരെയും നന്നായി ശ്രദ്ധിച്ചു കൊണ്ടിരുന്നു. എന്റെ സീറ്റിലിരിക്കുന്ന പെണ്‍കുട്ടിക്ക് ഉദ്ദേശം 20 വയസ്സ് പ്രായം കാണും. അവള്‍ മൊബൈല്‍ ഫോണില്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്നു. എതിരെയുള്ള വയസ്സന്‍ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു. അപ്പര്‍ ബര്‍ത്തിലുള്ള ആള്‍ കിടക്കുകയാണെന്ന് തോന്നുന്നു. സൈഡ് സീറ്റിലെ കന്നടക്കാര്‍ അവരുടെ ഭാഷയില്‍ എന്തോ  സംസാരിക്കുന്നു.  ഈ വയസ്സായ മനുഷ്യന്‍ പെണ്‍കുട്ടിയുടെ അച്ഛനായിരിക്കും, അല്ലാതെ ഒരു പെണ്‍കുട്ടി രാത്രിയില്‍ ഒറ്റയ്ക്ക് ദീര്‍ഘ ദൂര യാത്ര ചെയ്യാന്‍ വഴിയില്ലല്ലോ....... അവളോടെന്തെങ്കിലും ചോദിക്കണമെങ്കില്‍ ചെവിയില്‍ നിന്നും ഇയര്‍ ഫോണ്‍ മാറ്റണമല്ലോ.....

റെയില്‍വേ കാറ്ററിംഗ് ജോലിക്കാര്‍ ഭക്ഷണ പാക്കറ്റുകളുമായി വരികയും പോവുകയും ചെയ്യുന്നു. അപ്പര്‍ ബര്‍ത്തില്‍ കിടന്ന ചെറുപ്പക്കാരന്‍ കൈയെത്തി ഒരു പാക്കറ്റ് വാങ്ങിച്ചു. വയസ്സന്‍ ഇപ്പോഴാണ് പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തുന്നത്. അദ്ദേഹവും ഒരു പാക്കറ്റ് വാങ്ങി. എന്റെ അടുത്തിരുന്ന പെണ്‍കുട്ടിയും ഒരു പൊതി വാങ്ങിച്ചു. അവര്‍ പ്രത്യേകം പണം കൊടുക്കുന്നത് കണ്ടപ്പോള്‍ അവര്‍ അച്ഛനും മകളും അല്ലെന്ന് മനസ്സിലായി. എന്നാലും ഒരു പെണ്‍കുട്ടി തനിച്ച്    ദീര്‍ഘ ദൂര യാത്ര ചെയ്യുകയോ ..??

കന്നടക്കാര്‍  കൂടി ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോള്‍ പൂരി മസാലയുടെയും ബിരിയാണിയുടെയും ഗന്ധം അവിടെങ്ങും പരന്നു. വൈകിട്ട് കഴിച്ചതാണെങ്കില്‍  കൂടി ഞാനും ഒരു പൂരി മസാല വാങ്ങി. ഭക്ഷണ സമയത്ത് പോലും പെണ്‍കുട്ടി ചെവിയില്‍ നിന്നും ഇയര്‍ ഫോണ്‍ മാറ്റിയില്ല. അപ്പര്‍ ബര്‍ത്തിലെ ചെറുപ്പക്കാരന്‍ അവിടിരുന്നു തന്നെ കഴിക്കയാണ് , അയാള്‍ അതിവേഗം കഴിച്ചിട്ട് താഴെയിറങ്ങി കൈ കഴുകിയ ശേഷം വീണ്ടും ബര്‍ത്തില്‍ കയറി ഉറക്കമായി. വയസ്സന്‍ പുസ്തകം മടക്കി വച്ച് കിടന്നു കഴിഞ്ഞു.  ഞാന്‍ ജാവാ - പ്രോഗ്രാമിങ്ങിന്റെ ഒരു ബുക്കും വായിച്ച് കൊണ്ടിരിക്കയാണ്. പെണ്‍കുട്ടി സൈഡ് സീറ്റില്‍ പാട്ടും കേട്ടിരിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ   കംപാര്‍ട്ട്മെന്റില്‍ ലൈറ്റുള്ളത് സൈഡ് ബര്‍ത്തിന്റെ മുകളിലാണ് , അതായത് സൈഡ് അപ്പര്‍ ബര്‍ത്തില്‍ കിടക്കുന്ന കന്നടക്കാരന്റെ തലയ്ക്ക് തൊട്ടു മുകളില്‍!. അയാള്‍ തല വഴി പുതച്ച് കിടക്കയാണ്, ഇടയ്ക്കിടയ്ക്ക് തല പുറത്തെടുത്ത് ഞാന്‍ വായിച്ചു കഴിഞ്ഞോ എന്ന് നോക്കും -- എനിക്കാദ്യം ഇത് മനസ്സിലായില്ലായിരുന്നു. എന്നാലും ലൈറ്റ് ഓഫ്‌ ചെയ്യാന്‍ ആ മഹാമനസ്കന്‍ പറഞ്ഞില്ല. ഒടുക്കം ഞാന്‍ പുസ്തകം മടക്കി വച്ചു, ലൈറ്റ് ഓഫ്‌ ചെയ്ത് കന്നടക്കാരന്‍ ആശ്വാസത്തോടെ കിടന്നു. 

ഇപ്പോള്‍ ഞങ്ങളുടെ   കംപാര്‍ട്ട്മെന്റില്‍ അടുത്ത   കംപാര്‍ട്ട്മെന്റില്‍ നിന്നുള്ള വെട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്കാണെങ്കില്‍ ഉറക്കവും വരുന്നില്ല. 12 മണിക്ക് ഉറങ്ങിയുള്ള ശീലമാണ്. ലോവര്‍ ബര്‍ത്ത് ഈ കുട്ടിയുടെതായിരിക്കും , ഞാന്‍ അവളെ നോക്കി ..... ആശ്വാസം അവള്‍ ഇയര്‍  ഫോണ്‍ മാറ്റിയിട്ട്  വെളിയിലേക്ക് നോക്കിയിരിക്കുവാരുന്നു.  

"ഹലോ...." ഞാന്‍ ചോദിച്ചു.

അവള്‍ തിരിച്ചും ഹലോ പറഞ്ഞു. അങ്ങനെ ഒരു സംഭാഷണത്തിന് തുടക്കമിട്ടു. അതില്‍ നിന്നും അവള്‍ ബാംഗ്ലൂരില്‍ B D S നു പഠിക്കുന്ന കുട്ടിയാണെന്ന് മനസ്സിലായി പേര് അന്ന , വീട് തിരുവനന്തപുരത്ത്.

ഞാന്‍: " ശരിക്കും ഒറ്റയ്ക്കാണോ യാത്ര ചെയ്യാറുള്ളത്..?"
അന്ന: " മിക്കവാറും ഒറ്റയ്ക്കാ ... ചിലപ്പോള്‍ ഒരു ഫ്രണ്ട് കാണും ... അവള്‍ B sc നഴ്സിങ്ങിനു പഠിക്കുന്നു... അവളുടെ വെകേഷന്‍  തീര്‍ന്നിട്ടില്ല."

ട്രെയിന്‍ തൃശ്ശൂര്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. സമയം പത്ത് മണി കഴിഞ്ഞു. ഞങ്ങള്‍ വര്‍ത്തമാനം തുടര്‍ന്നു. 

ഞാന്‍: " എന്തെ   B D S തന്നെ തിരഞ്ഞെടുത്തത്...?"
അന്ന: " എന്റെ ഫാമിലിയെല്ലാം അമേരിക്കയിലാ .... കാലിഫോര്‍ണിയയില്‍ , അവിടെ സ്വന്തമായി ഹോസ്പിറ്റലുണ്ട്... "സെന്റ്‌ : അഗസ്റ്റിന്‍സ് ഹൊസ്പിറ്റല്‍"... അവിടെ ഡെന്റല്‍ വിഭാഗം ഒഴിച്ച് ബാക്കി എല്ലാമുണ്ട് .... അവിടേക്ക് പോകാനാണ് ഞാന്‍   B D S താനെ എടുത്തത്‌. 

(കാലിഫോര്‍ണിയയിലേക്ക് ചരക്കു കയറ്റി കൊണ്ട് പോകുന്ന ഉരു ..... എന്ന ഗഫൂര്‍ക്കയുടെ ഡയലോഗ് ആണ് ഓര്‍മയില്‍ വന്നത്.... ദൈവമേ   എന്തെങ്കിലും നടക്കുമോ...?)

കറുത്ത കോട്ടിട്ട ഒരു വവ്വാലിനെപ്പൊലെ TTR  ഇടയ്ക്കിടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നു. ഓരോ വരവിലും പോക്കിലും അയാള്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ആ സംഭാഷണത്തില്‍ ഞങ്ങളുടെ മനസ്സുകള്‍ തമ്മിലുള്ള അകലം കുറഞ്ഞു കൊണ്ടിരുന്നു. 

സമയം 11 മണി കഴിഞ്ഞിരുന്നു. ഞാന്‍ മിഡില്‍ ബര്‍ത്തിലും അവള്‍ ലോവര്‍ ബര്‍ത്തിലുമാണ്. 'ഗുഡ് നൈറ്റ്‌' പറഞ്ഞു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. കളര്‍ ഫുള്ളായ സ്വപ്‌നങ്ങള്‍ ഒക്കെയുള്ള ഒരു രാത്രി.  തണുത്ത കാറ്റ് ജനാലയിലൂടെ അരിച്ചു കയറിയപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു. നേരം പുലര്‍ന്നു കഴിഞ്ഞിരുന്നു, അവള്‍ എന്നീട്ടിരുന്നില്ല. ഞാന്‍ ബാത്‌റൂമില്‍ പോയി ഫ്രഷ്‌ ആയി മടങ്ങി വന്നു. അപ്പോള്‍ അവള്‍ സീറ്റിലുണ്ടായിരുന്നു സമയം 7 മണി കഴിഞ്ഞിരുന്നു. 

'ട്രെയിന്‍ 8.30 നു ബാംഗ്ലൂര്‍ക്ക് ചെല്ലുമെന്ന് അവള്‍ പറഞ്ഞു. ഞാന്‍ പുറത്തെ ബാംഗ്ലൂര്‍ കാഴ്ചകള്‍ കണ്ടു കൊണ്ടിരുന്നു. ആദ്യമായാണല്ലോ അങ്ങോട്ടേക്ക് പോകുന്നത്. എനിക്കിറങ്ങേണ്ടത് മജെസ്റിക് ജന്ക്ഷനിലാണ് . ഇനി അവിടെയെ സ്റൊപ്പുള്ളൂ എന്ന് അവള്‍ പറഞ്ഞു... അവള്‍ക്കു അവിടിറങ്ങി കുറച്ചു ദൂരം തിരിച്ചു വരണം കാരണം കോളേജ് ബാംഗ്ലൂര്‍ കന്റോണ്‍മെന്റ്  എന്ന സ്ഥലത്താണ്.  അവിടിറങ്ങി നടക്കുമ്പോള്‍ അവളുടെ മൊബൈല്‍ നമ്പര്‍ വാങ്ങാമെന്നു ഞാന്‍ കരുതി. കന്റോണ്‍മെന്റ്  അടുക്കാറായപ്പോള്‍ അവള്‍ അവളുടെ കോളേജ് കാണിച്ചു തന്നു. ദൂരെ നീല നിറത്തില്‍ ഒരു ബഹുനില കെട്ടിടം. 

എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ട്രെയിന്‍  കന്റോണ്‍മെന്റില്‍ നിര്‍ത്തി. അവള്‍ പെട്ടെന്ന് ബാഗുമെടുത്ത്‌ ഇറങ്ങി. വെളിയിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് ഒരു മാത്ര അവള്‍ തിരിഞ്ഞു നിന്നു... എന്നിട്ട് പതിയെ ഇറങ്ങി..... ഞാന്‍ പിന്നീട് ഓര്‍കുട്ടിലും , ഫേസ് ബുക്കിലും മറ്റും ഒരു പാട് തിരഞ്ഞെങ്കിലും അവളെ കണ്ട് കിട്ടിയില്ല. ഓരോ തവണ  കൊച്ചുവേളി - ബാംഗ്ലൂര്‍ എക്സ്പ്രസ്സ്‌ കാണുമ്പോഴും ഞാന്‍ അവളെ ഓര്‍ക്കാറുണ്ട്. എന്നാലും 'എന്ത് പറയാനായിരിക്കും' അന്ന് അവള്‍ തിരിഞ്ഞു നിന്നത്.........
  
  
                                           ***************************************
  

2012, നവംബർ 21, ബുധനാഴ്‌ച

മുരുകേശന്റെ പെണ്ണ് കാണല്‍

മുരുകേശന്‍ ആളൊരു നിഷ്കളങ്കനാണ്. അച്ഛനമ്മമാരുടെ ഏക മകന്‍. ആയതിനാല്‍ നല്ലത് പോലെ ലാളിച്ചാണ് അവനെ വളര്‍ത്തിയത്‌.

അഞ്ച് വയസ്സ് പൂര്‍ത്തിയായപ്പോള്‍ അവനെ വീടിനടുത്തുള്ള സെന്റ്‌ മേരീസ് എല്‍ പി സ്കൂളില്‍ ചേര്‍ത്തു. അവന്‍ നാലാം ക്ലാസ്സിലെത്തിയപ്പോള്‍ സ്കൂള്‍ യു പി സ്കൂളായി മാറി. വീണ്ടും മൂന്നു പടി കൂടി കയറി ഏഴിലെത്തിയപ്പോള്‍ സ്കൂള്‍ ഒന്ന് കൂടെ അപ്ഗ്രേഡായി ഹൈസ്കൂളായി മാറി. അങ്ങനെ മുരുകേശന്‍ വളരുന്നതനുസരിച്ച്‌ സ്കൂളും വളര്‍ന്നു. സെന്റ്‌ മേരീസ് എല്‍ പി സ്കൂള്‍ അങ്ങനെ സെന്റ്‌ മേരീസ് എച്ച് എസ് ആയി മാറി. 

മുരുകേശന്‍ എക്സ്ട്രാ കരികുലര്‍ ആക്ടിവിറ്റികളില്‍ സമര്‍ത്ഥനായിരുന്നു. കബഡി കളിയില്‍ സ്കൂള്‍ ടീമിന്റെ ക്യാപ്ടനും  ആയിരുന്നു. അങ്ങനെ ആക്ടിവിറ്റികള്‍ കൂടിയത് കാരണം എട്ട് ഒന്‍പത് ക്ലാസ്സുകളില്‍ ഓരോ കൊല്ലം കൂടെ പഠിക്കേണ്ടി വന്നു. അങ്ങനെ ഒന്നില്‍ നിന്ന് പത്തിലെത്താന്‍ അവനു പന്ത്രണ്ട് കൊല്ലം വേണ്ടി വന്നു. 

പത്തില്‍ പഠിക്കുമ്പോഴാണ് അവനു ആദ്യമായി ഒരു പെണ്‍കുട്ടിയോട് പ്രേമം തോന്നുന്നത്, 'സീന' അതായിരുന്നു കുട്ടിയുടെ പേര്. ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ പ്രണയത്തിന്റെ മീഡിയേറ്റര്‍ അല്ലാതിരുന്ന കാലം. ഒന്നുകില്‍ നേരിട്ട് പറയുക അല്ലെങ്കില്‍ കത്തെഴുതുക , രണ്ടിലോന്നേയുള്ളൂ  മാര്‍ഗം.നേരിട്ട് പറയാന്‍ വയ്യ, എന്നാല്‍ പിന്നെ ഒരു കത്തെഴുതിക്കളയാം. സരസ്വതീ ദേവിയെ മനസ്സില്‍ ധ്യാനിച്ച് എഴുതി തുടങ്ങി. വെട്ടിയും തിരുത്തിയും ഒരാഴ്ചയെടുത്തു എഴുത്ത് പൂര്‍ത്തിയാക്കാന്‍

ഒടുവില്‍ ആ ശുഭദിനം സമാഗതമായി, അന്നൊരു തിങ്കളാഴ്ചയായിരുന്നു. എഴുത്ത് ആരും കാണാതെ അവളുടെ ഏതെങ്കിലും ബുക്കിനുള്ളില്‍ വയ്ക്കുക; എന്നതായിരുന്നു പ്ലാന്‍. ലാസ്റ്റ് പിരീടാണ് ഇതിനായി തിരഞ്ഞെടുത്തത്. അതെന്താണെന്ന് ചോദിച്ചാല്‍ അത് കഴിഞ്ഞാല്‍ സ്കൂള്‍ വിടുകയാണല്ലോ, പിന്നീട് വീട്ടിലെത്തി ബുക്ക്‌ തുറക്കുബോഴല്ലേ അവള്‍ കത്ത് കാണൂ....പെട്ടെന്ന് കാണുമ്പോഴുള്ള ഷോക്ക്‌ ഒഴിവാക്കാം... കൂടാതെ ആലോചിക്കാന്‍ ഒരു ഫുള്‍ നൈറ്റും കിട്ടും. ലാസ്റ്റ് പീരീടിനു തൊട്ടു മുന്‍പ് ഇന്റര്‍വെല്ലാണ്. ഇന്റെര്‍വെല്ലിനു  എല്ലാവരും പുറത്തു പോയ തക്കം നോക്കി മുരുകേശന്‍ അവളുടെ ബാഗ്‌ തുറന്നു, ആദ്യം കണ്ട ബുക്കിലേക്ക് കത്ത് തിരുകി. ആദ്യഘട്ടം സക്സസ്. തന്റെ മാസ്റ്റര്‍ പ്ലാന്‍ ഓര്‍ത്ത് അവനു തന്നെ അഭിമാനം തോന്നി.

എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായ സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്.

ലാസ്റ്റ് പിരീട് രാജന്‍പിള്ള സാറിന്റെ മലയാളം ക്ലാസ്സായിരുന്നു. എല്ലാവരും രചന ബുക്ക്‌ (ഞങ്ങള്‍ മലയാളം മീഡിയംകാര്‍ രചന ബുക്കെന്നും ഇംഗ്ലീഷ് മീഡിയംകാര്‍ കോമ്പോസിഷന്‍ ബുക്കെന്നും പറയുന്ന സാധനം) , സബ്മിറ്റ് ചെയ്യാന്‍ സാര്‍ ഉത്തരവിട്ടു.

ക്ലാസ് ലീഡര്‍ മനോജ്‌ എല്ലാവരുടെയും കോമ്പോസിഷന്‍ ബുക്കുകള്‍ വാങ്ങി മേശമേല്‍ ഹാജരാക്കി. രാജന്‍പിള്ള സാര്‍ തന്റെ കട്ടിയുള്ള കണ്ണടയിലൂടെ ഓരോ ബുക്കും വായിച്ചു മാര്‍ക്കിടാന്‍ തുടങ്ങി.

ക്ലാസ്സിലെ നിശബ്ദത ഭന്ജിച്ച് കൊണ്ട് പൊടുന്നനെ സാറിന്റെ ഒച്ച കേട്ടു .------ " സീന ഇവിടെ വരൂ....." ക്ലാസ്സിലെ എല്ലാവരുടെയും ശ്രദ്ധ അവളിലായി.

" എന്താ ഇത്..?"   കയ്യില്‍ ഒരു കടലാസ് ഉയര്‍ത്തി പിടിച്ച് കൊണ്ടാണ് സാറിന്റെ ചോദ്യം.

"എനിക്കറിയില്ല സാര്‍ ..." അവള്‍ പറഞ്ഞു.

താന്‍ കത്ത് തിരുകി കയറ്റിയത് അവളുടെ കോമ്പോസിഷന്‍ ബുക്കിലേക്കായിരുന്നുവെന്നു ഒരു ഞെട്ടലോടെ മുരുകേശന്‍ മനസ്സിലാക്കി.

പിള്ള സാര്‍ തന്റെ കട്ടിക്കണ്ണട ഊരി .... ഒന്ന് കൂടെ തുടച്ചു .... വീണ്ടും ഫിറ്റ്‌ ചെയ്തു.

വീണ്ടും സാറിന്റെ ശബ്ദം ഉയര്‍ന്നു.  " മുരുകേശന്‍ ഇവിടെ വരൂ ....."

മുരുകേശന്‍ പതിയെ സാറിന്റെ അടുത്തേക്ക് ചെന്ന്. അവന്‍ ആലില പോലെ വിറയ്ക്കുന്നുണ്ടായിരുന്നു.

" ഇതെങ്ങനെ സീനയുടെ ബുക്കില്‍ വന്നു..?"     അവന്‍ ഒന്നും മിണ്ടിയില്ല.

" താനല്ലേ ഇതെഴുതിയത്....?"     മുരുകേശന് മറുപടിയില്ല.

ലാസ്റ്റ് പിരീട് ഉറങ്ങിതൂങ്ങിയിരുന്ന പിള്ളാര്‍ വരെ ഈ രംഗം കണ്ട് ഉഷാറായി.

കന്നി പ്രേമലേഖനം സാര്‍ ഉറക്കെ വായിചു. .....  സീന കരയാന്‍ തുടങ്ങി.

മുരുകേശന്‍ വിധി പ്രസ്താവ്യം കേള്‍ക്കാന്‍ നില്‍ക്കുന്ന കുറ്റവാളിയെ പോലെ നിന്നു.... ശിക്ഷ എന്താണാവോ...?

രാജന്‍പിള്ള സാര്‍ തുടര്‍ന്നു ...... " എടാ ഇതില്‍ 'ആത്മാര്‍ത്ഥ പ്രണയം' എന്ന വാക്കിലെ ആത്മാര്‍ത്ഥം എന്ന വാക്ക് തെറ്റിച്ചാ എഴുതിയിരിക്കുന്നെ ....  അത് കൊണ്ട് ' അത്മാര്‍ത്ഥം' എന്ന വാക്ക് നൂറ് പ്രാവശ്യം ബോര്‍ഡില്‍ എഴുതിക്കോ..."

ശിക്ഷ കേട്ട് മുരുകേശന്‍ ശരിക്കും പകച്ചു. നാല് തല്ലായിരുന്നെങ്കില്‍  അവന്‍ അന്തസ്സായിട്ട് കൊണ്ടേനെ. ബോര്‍ഡില്‍ പോയെഴുതുന്ന കാര്യം ആലോചിക്കാനേ വയ്യ. പിള്ള സാര്‍ ഒരു ചോക്കെടുത്ത് കയ്യില്‍ പിടിപ്പിച്ചു.

ഒന്ന് ........ രണ്ട് ........ മൂന്ന് .......   മുരുകേശന്‍ എഴുതിത്തുടങ്ങി.

അങ്ങനെ മുപ്പത്തേഴെണ്ണം പൂര്‍ത്തിയായപ്പോള്‍ ബോര്‍ഡ് നിറഞ്ഞു. അത്രയും മതിയെന്ന് വിചാരിച്ചിരിക്കുമ്പോള്‍ അടുത്ത ഓര്‍ഡര്‍ പുറകെ വന്നു.....

" അത് തുടച്ചിട്ട് ബാക്കി എഴുതിക്കോ...."

അങ്ങനെ എഴുതി എഴുപത്തഞ്ചിലെത്തി...... മുരുകേശന്റെ പ്രാര്‍ത്ഥന കൊണ്ടാണോ എന്നറിയില്ല. പത്തു മിനുട്ടിന് മുന്‍പ് ബെല്ലടിച്ചു. പോകാന്‍ നേരം നല്ലൊരുപദേശവും പിള്ള സാര്‍ തന്നു.
"അക്ഷരമറിയാത്തവനൊന്നും പ്രേമിക്കാന്‍ പോകരുത്...".

അങ്ങനെ ആദ്യ പ്രേമം പൊട്ടി.... ഡിം.....

അത്ഭുതകരമായ കാര്യമാണ് നടന്നത്.... മുരുകേശന്‍  പത്താം ക്ലാസ്സ് പാസ്സായിരിക്കുന്നു. ജയിക്കാന്‍ വേണ്ട 210 മാര്‍ക്ക് കൃത്യമായും അവന്‍ നേടി.ഒരു മാര്‍ക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല.

അങ്ങനെ മുരുകേശന്‍ തേര്‍ട് ഗ്രൂപ്പെടുത്ത് പ്രീഡിഗ്രിക്ക് ചേര്‍ന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അവന്റെ രണ്ടാമത്തെ പ്രേമം....... പേര് 'സീമ'.

വീണ്ടും മുരുകേശന്‍ ഒരു മനോഹര പ്രേമലേഖനം തയ്യാറാക്കി (അക്ഷരതെറ്റൊന്നുമില്ലാതെ), നേരത്തത്തെ അബദ്ധം ആവര്‍ത്തിക്കരുതല്ലോ.... അതിനാല്‍ ഇതവണ രണ്ടും കല്പിച്ച് അവളുടെ കയ്യില്‍ കൊടുത്തു. മറുപടി അന്ന് വൈകുന്നേരം ആല്‍ത്തറയില്‍ വച്ച് തരണമെന്ന് കത്തിലുണ്ടായിരുന്നു. അന്ന് വൈകിട്ട് കുളിച്ച് കുറിയും തൊട്ട് അവന്‍ ആല്‍ത്തറയില്‍ വന്നിരിപ്പായി

മറുപടി കാത്ത് നിന്ന അവനെ ഒരു കുറുവടി കൊണ്ടാണ് അവളുടെ ആങ്ങളമാര്‍ നേരിട്ടത്. രണ്ട് മാസത്തോളം ആശുപത്രിയില്‍ കിടന്ന മുരുകേശന് അക്കൊല്ലത്തെ പ്രീഡിഗ്രി പരീക്ഷ നഷ്ടമായി.

അങ്ങനെ ആ പ്രണയവും പൊട്ടി........ ഡിം....

പിറ്റേ വര്‍ഷം അവന്‍ പ്രീഡിഗ്രി പരീക്ഷ എഴുതി. പത്താം ക്ലാസ്സിലെ ഭാഗ്യം അവന് പ്രീഡിഗ്രിക്ക് ഉണ്ടായിരുന്നില്ല, ദയനീയമായി തോറ്റു.

അതോടെ മുരുകേശന്‍ നാട്ടില്‍ തെക്ക് വടക്ക് നടപ്പായി. നാട്ടിലെ തൊഴിലില്ലാ പടയ്കൊപ്പം മുരുകേശനും കൂടി.  കല്യാണം , ചോറൂണ് , പാലുകാച്ച് , പതിനാറടിയന്തിരം  തുടങ്ങിയ നാട്ടിലെ ഏതു ചടങ്ങിനും ഹാജരാവുക എന്നതായിരുന്നു തൊഴിലില്ലാപ്പടയുടെ പ്രധാന തൊഴില്‍.

ഒരു വര്‍ഷം കൂടി കഴിഞ്ഞു. മുരുകേശന് ഇരുപത്തൊന്ന് തികഞ്ഞു.  അതോടെ ചെറിയ രീതിയിലുള്ള വെള്ളമടിയും തുടങ്ങി. വീട്ടില്‍ അത്യാവശ്യം സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നതിനാലും 'ഒറ്റമോന്‍' എന്ന പദവി ഉണ്ടായിരുന്നതിനാലും കാശിനു വല്യ മുട്ടില്ലായിരുന്നു. പക്ഷെ രണ്ട് പെഗ്ഗടിച്ചാല്‍ മുരുകേശന് പഴയ കാര്യങ്ങള്‍ തികട്ടി വരും. പഴയ കാര്യങ്ങള്‍ എന്ന് പറഞ്ഞാല്‍ ' പത്തില്‍ സീനയെയും പ്രിഡിഗ്രിക്ക് സീമയും പ്രണയിച്ച' കാര്യം. ഇത് കേട്ട് കേട്ട് കൂട്ടുകാര്‍ക്ക് മടുത്തു.

മകന്റെ ദുര്‍നടത്തത്തില്‍ ഗോപാലന്‍ ചേട്ടന്‍ ഉത്കണ്ട  രേഖപ്പെടുത്തി. അവനെ ഇനി എന്ത് ചെയ്യണം എന്നാലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് വടക്കേതിലെ അന്തോണി മാപ്പിള ആ കോഴ്സിനെ പട്ടി പറഞ്ഞത് ---------- " ഫയര്‍ ആന്‍റ് സേഫ്റ്റി എഞ്ചിനീയറിംഗ് ..." .... ഒരു വര്‍ഷത്തെ കോഴ്സാണ്, അത് കഴിഞ്ഞാല്‍ നാട്ടിലും വിദേശത്തും തൊഴില്‍ സാധ്യത. രണ്ടാമതൊന്നും ആലോചിക്കാതെ ഗോപാലന്‍ ചേട്ടന്‍ മുരുകേശനെ ഫയര്‍ ആന്‍റ് സേഫ്റ്റിക്ക് ചേര്‍ത്തു.

അങ്ങനെ ഒരു ഗ്യാപ്പിന് ശേഷം മുരുകേശന്‍ പുതിയ ലാവണത്തില്‍.

ഒരു വര്‍ഷത്തെ പഠനത്തിനു ശേഷം അവന്‍ വീണ്ടും നാട്ടിലെത്തി. ഫയര്‍ ആന്‍റ് സേഫ്റ്റി അവന്റെ ജീവിതത്തെ നന്നായി സ്വാധീനിച്ചിരുന്നു. ഇപ്പോള്‍ എവിടെ തീ കണ്ടാലും അവന്റെ നെഞ്ചില്‍ തീയാണ്!. ...... അടുക്കളയില്‍ അടുപ്പും ഗ്യാസും കത്തിക്കുമ്പോഴും അവന്‍ ഓടിയെത്തും, എടുക്കേണ്ട മുന്‍കരുതലുകളെപ്പറ്റി വാചാലനാകും. ഇത് ഒരു പതിവായതോടെ അവന്റെ അമ്മയ്ക്ക് പണിയായി.

മുരുകേശന്റെ  'ഫയര്‍ ആന്‍റ് സേഫ്റ്റി' ഇഫക്ട് നാട്ടിലും വര്‍ക്കൌട്ടായി ------- ഒരിക്കല്‍ ഒരു കാര്‍ത്തിക വിളക്കിന് അമ്പലത്തില്‍ തെളിയിച്ചിരുന്ന ചിരാതുകളെല്ലാം അവന്‍ ഊതി കെടുത്തിക്കളഞ്ഞു. പിന്നീടൊരിക്കല്‍ അയലത്തെ ഗോമതി ചേച്ചി ചവറ് കൂട്ടിയിട്ടു കത്തിച്ചപ്പോള്‍ ഒരു ബക്കറ്റ് വെള്ളം കൊണ്ടുചെന്ന് അതിന്റെ മണ്ടയ്ക്കൊഴിച്ചു.

ഗോപാലന്‍ ചേട്ടന് മുരുകേശന്‍ അടുത്ത തലവേദന ഉണ്ടാക്കി. ഇനിയും നാട്ടില്‍ നിര്‍ത്തിയാല്‍ അവന്റെ 'സേഫ്റ്റിക്ക് ' പറ്റിയതല്ലെന്ന് മനസ്സിലാക്കിയ ഗോപാലന്‍ ചേട്ടന്‍ അവനെ ഗള്‍ഫിലയക്കാന്‍ തീരുമാനിച്ചു.

മൂന്നു കൊല്ലത്തിന് ശേഷമാണ് മുരുകേശന്‍ നാട്ടിലേക്ക് വന്നത്. അവന്‍   ആകെ മാറിയിരുന്നു. പഴയ അലമ്പ് ലുക്കൊക്കെ മാറ്റിയിരിക്കുന്നു. അല്‍പ്പം തടി വച്ചു.

ഗോപാലന്‍ ചേട്ടന്‍ മുരുകേശനെ കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചു. ബ്രോക്കര്‍ ഗോവിന്ദന്‍ മുഖേനയാണ് ആ പ്രൊപ്പോസല്‍ വന്നത്.  പെണ്‍കുട്ടിയുടെ പേര് കാര്‍ത്തിക. ഡിഗ്രി കഴിഞ്ഞ് ഇപ്പോള്‍ ഒരു കമ്പ്യൂട്ടര്‍ കോഴ്സ് ചെയ്യുന്നു. ഒറ്റ മകളാണ്.  അച്ഛന്‍ എക്സ് സര്‍വീസാണ്, റിട്ട: ഹവില്‍ദാര്‍ T P ശങ്കരന്‍ അമ്മ ചന്ദ്രിക. കേട്ടിടത്തോളം നല്ല ആലോചനയാണെന്ന് ഗോപാലന്‍ ചേട്ടന് തോന്നി. ഫോട്ടോ കണ്ടപ്പോള്‍ മുരുകേശനും കുട്ടിയെ ഇഷ്ടമായി. അങ്ങനെ ഒരു പെണ്ണ് കാണല്‍ ചടങ്ങിന് കളമൊരുങ്ങി.

ആദ്യത്തെ പെണ്ണ് കാണലായത് കൊണ്ട് മുരുകേശന് അതിനുള്ള ധൈര്യം പോര. പെണ്ണ് കാണാന്‍
പോകുന്നതിന്റെ തലേന്ന് അവന്‍ കൂട്ടുകാര്‍ക്കൊപ്പം കൂടി. ..... കൂട്ടത്തില്‍ പെണ്ണ് കെട്ടിയ ഒരാളെ ഉണ്ടായിരുന്നുള്ളൂ. ... ' അശോകന്‍' .  പുള്ളിക്കാരന്‍  മുരുകേശനെ കാര്യമായി ഉപദേശിച്ചു.

ചെന്ന ഉടനെ ഒരു ചായ സല്‍ക്കാരം ഉണ്ടാകും. അതിനു ശേഷം 'പെണ്ണിനോട് എന്തെങ്കിലും സംസാരിക്കണോ'...?... എന്ന ചോദ്യം വരും. അപ്പോള്‍ നീ അകത്തേക്ക് ചെല്ലുക, അവിടെ വാതിലിന്റെ കട്ടളയും ചാരി നമ്രമുഖിയായി അവള്‍ നില്‍ക്കുന്നുണ്ടാകും. ......  "എവിടെയാ പഠിച്ചത്"..?.... എന്ന  ചോദ്യത്തില്‍ തുടങ്ങുക പിന്നീട് അവളുടെ സൌന്ദര്യത്തെ അങ്ങ് പുകഴ്ത്തിയേക്കുക. കണ്ണെഴുതിയിട്ടുണ്ടെങ്കില്‍ നല്ല ഭംഗിയുണ്ട് എന്ന് തട്ടി വിട്ടേക്കുക..... പുകഴ്ത്തലില്‍ വീഴാത്ത ഒരു പെണ്ണും ഇന്നേ വരെ ഭൂമിയില്‍ ജനിച്ചിട്ടില്ല. അങ്ങനെ ആത്മവിശ്വാസം ആര്‍ജിച്ച  മുരുകേശന്‍ പിറ്റേന്നത്തെ പെണ്ണ് കാണലിനു തയ്യാറായി.

രാവിലെ തന്നെ അവന്‍ കുളിച്ച് റെഡിയായി. ഗള്‍ഫില്‍ നിന്ന് കൊണ്ട് വന്ന വില കൂടിയ പെര്‍ഫ്യൂം ദേഹത്താകെ പൂശി. പെണ്ണിന്റെ വീട്ടിലേക്ക് 40 കിലോമീറ്ററോളം ദൂരം ഉള്ളതിനാലും ഉച്ചയ്ക്ക് മുന്‍പ് ചെല്ലേണ്ടതിനാലും അവര്‍ രാവിലെ തന്നെ പുറപ്പെട്ടു. ---- ഗോപാലേട്ടന്റെ സ്വന്തം കാറില്‍ (സോറി ഗോപാലേട്ടന്‍ കാര്‍ വാങ്ങിയ കാര്യം ഇടയ്ക്ക് പറയാന്‍ മറന്നു).

ഏകദേശം 11 മണിയോടെ പെണ്ണിന്റെ വീട്ടിലെത്തി. വിശാലമായ മുറ്റം കടന്ന് അല്പം കൂടി ചെല്ലുന്നിടതാണ് വീട്. ഗോപാലേട്ടന്‍ വീടിന്റെയും സ്ഥലത്തിന്റെയും ഏകദേശം ആസ്തി മനക്കണ്ണാല്‍ കൂട്ടിയെടുത്തു. മുരുകേശനും വീടും സ്ഥലവും വല്ലാതെ ഇഷ്ടമായി.പെണ്ണിന്റെ അച്ഛന്‍ അതിഥികളെ സ്വീകരിച്ച് അകത്തേക്ക് ആനയിച്ചു. അല്പ നേരത്തെ സംസാരത്തിന് ശേഷം പെണ്ണിന്റെ അച്ഛന്‍ മോളെ വിളിച്ചു...... " മോളേ കാര്‍ത്തൂ ..."


മുരുകേശന്റെ കണ്ണുകള്‍ വികസിച്ചു. കയ്യില്‍ ഒരു ട്രേയും അതില്‍ നിരത്തിയ ഗ്ലാസ്സുകളുമായി അവള്‍. പുറകെ പലഹാരങ്ങളുമായി അമ്മയും..... അരക്കിലോ ഉപ്പേരി , കുറെ അച്ചപ്പം , കുഴലപ്പം പിന്നെ പേരറിയാത്ത ഏതോ ഒരു പലഹാരം..... അങ്ങനെ സംഗതി കുശാല്‍.

"അങ്ങോട്ട്‌ കൊടുക്ക്‌ മോളെ ...."   പെണ്ണിന്റെ അമ്മ പറഞ്ഞു.
"മോള് തന്നെ പ്രിപ്പയര്‍ ചെയ്തതാ ..... അവളുടെ സ്പെഷ്യല്‍ ഐറ്റമാ....ഈ പതിനൊന്നു മണി സമയത്ത് ചായയേക്കാള്‍ നല്ലത് ജ്യൂസാ....."

"അതേയതെ "..... ഗോപാലേട്ടന്‍ ശരി വച്ചു.

മുരുകേശന്‍ ഒരു കവിള്‍ കുടിച്ചു. ...... മിക്സഡ്‌ ഫ്രൂട്ട് ജ്യൂസാണെന്നു തോന്നുന്നു. ഏതായാലും നല്ല സ്വാദ്. ഭാവി ഭാര്യയുടെ കൈപ്പുണ്യം ഓര്‍ത്ത് മുരുകേശന്റെ അന്തരംഗം അഭിമാനപൂരിതമായി.

ഒടുവില്‍ കാത്തിരുന്ന ആ ചോദ്യം പെണ്ണിന്റെ അമ്മയില്‍ നിന്നാണുണ്ടായത്  ..... "അവര്‍ക്കെന്തെങ്കിലും സംസാരിക്കാന്‍ കാണത്തില്യോ...?"

കേട്ടപാടെ മുരുകേശന്‍ എഴുന്നേറ്റ് അകത്തേക്ക് നടന്നു.

അകത്തെ വാതിലും ചാരി നമ്രമുഖിയായി നില്‍ക്കുന്ന പെണ്ണിനെയാണ്  മുരുകേശന്‍ പ്രതീക്ഷിച്ചതെങ്കിലും അങ്ങനെയൊന്നുമായിരുന്നില്ല....... അകത്ത് അഭിമുഖമായി ഇട്ടിരിക്കുന്ന രണ്ട്  കസേരകള്‍. ഒന്നില്‍ അവള്‍ ഇരിക്കുന്നു.

"ഇരിക്കൂ..."   അവള്‍ പറഞ്ഞു.

മുരുകേശന് ഒരു തലചുറ്റല്‍ പോലെ തോന്നി. പ്രിപ്പയര്‍ ചെയ്ത് വച്ചിരിക്കുന്ന ചോദ്യങ്ങള്‍ എല്ലാം മറന്ന പോലെ.....

അവന്‍ ഇരുന്നു.

"എവിടെയാ പഠിച്ചത്...?"........ ആ ചോദ്യം മുരുകേശന്റേതായിരുന്നില്ല. അവള്‍ ഇങ്ങോട്ട് ചോദിക്കുകയായിരുന്നു.

"ഞാന്‍..... പത്താം ക്ലാസ്സ് വരെ സെന്റ്‌ മേരീസില്‍ ..........പിന്നെ .......... ഫയര്‍ ....സേഫ്റ്റി ......"
മുരുകേശന് എവിടുന്നോ ധൈര്യം കിട്ടിയ പോലെ തോന്നി. അവന്‍ പറഞ്ഞു തുടങ്ങി...........
പഴയ കാര്യങ്ങളൊക്കെ........ പത്തില്‍ സീനയെ പ്രണയിച്ച കാര്യം........... പ്രിഡിഗ്രിക്ക്  സീമയെ പ്രണയിച്ച കാര്യം.........

കേട്ടിരുന്ന പെണ്‍കുട്ടി ഞെട്ടിപ്പോയി.

 മുരുകേശന്‍ പിന്നെയും ലക്കും ലഗാനുമില്ലാതെ ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു.

" "   ഒരടി കവിളത്ത് പതിച്ചപ്പോഴാണ് അവന്‍ സംസാരം നിര്‍ത്തിയത്. അടിച്ചത് ഗോപാലേട്ടന്‍..

"നിനക്കിങ്ങനെ ഒരു ബന്ധമുണ്ടാരുന്നേല്‍ നേരത്തെ പറയരുതാരുന്നോ ..... വെറുതെ ഇവിടെ വരെ വരണമാരുന്നോ..."

മുരുകേശന് കാര്യമൊന്നും മനസ്സിലായില്ല.

അപ്പോള്‍ തന്നെ അവിടെ നിന്നും ഇറങ്ങി.....  അല്ലെങ്കില്‍ അവര്‍ ഇറക്കി വിട്ടേനെ.

ഇനി കഥയുടെ ആന്റി ക്ലൈമാക്സിലേക്ക്.............
------------------------------------------------------

 മൂന്ന് വര്‍ഷം മുന്‍പ് ഗള്‍ഫില്‍ പോയ മുരുകേശന്‍ ക്രമേണ കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു. രണ്ട് വര്‍ഷം കൊണ്ട്  ഇന്റര്‍നെറ്റ് ഉപയോഗിക്കാനും പഠിച്ചു. അങ്ങനെ മുരുകേശന്‍ ഭാരത് മാട്രിമൊണിയില്‍ ഒരു പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തു. ഫോട്ടോകളൊക്കെ ഇട്ടു പ്രൊഫൈല്‍ മനോഹരമാക്കി.

സാധാരണ മാട്രിമോണിയല്‍ സൈറ്റുകളില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുമ്പോള്‍ ലൈഫ് സ്റ്റൈല്‍ എന്നാ ഭാഗത്ത്‌ സ്മോക്കിംഗ് ഹാബിറ്റ്സ് ,  ഡ്രിങ്കിംഗ്  ഹാബിറ്റ്സ് എന്നാ ചോദ്യങ്ങളുണ്ട്. മുഴുക്കുടിയന്മാരും , ഒടുക്കത്തെ വലിയന്‍മാരുമെല്ലാം ഇതില്‍ 'നോ' കൊടുത്ത് സല്‍സ്വഭാവികളാവുകയാണ് പതിവ്............ എന്നാല്‍ നിഷ്കളങ്കനായ മുരുകേശന്‍  ഡ്രിങ്കിംഗ്  ഹാബിറ്റ്സില്‍ occasionally/social drinking  എന്നാണ് കൊടുത്തിരുന്നത്. ശരിക്കും മുരുകേശന്‍ വല്ലപ്പോഴും മാത്രമേ കുടിക്കുമായിരുന്നുള്ളൂ, അതും രണ്ടു പെഗ്ഗ് മാത്രം.

ഈ പെണ്‍കുട്ടിക്കും ശരിക്കും ഒരു പ്രൊഫൈല്‍ ഉണ്ടായിരുന്നു. അപ്പോഴാണ്‌ ബ്രോക്കര്‍ ഗോവിന്ദന്‍  മുരുകേശന്റെ പ്രൊപ്പോസല്‍ കൊണ്ട് വരുന്നത്. യാദൃശ്ചികമായിട്ടായിരുന്നു അവള്‍ മുരുകേശന്റെ പ്രൊഫൈല്‍ കാണുന്നത്.......... അങ്ങനെയാണ് അവള്‍ അച്ഛന്റെ മുറിയി നിന്ന് ഒരു റമ്മിന്റെ കുപ്പി (വൈറ്റ് റമ്മിന്റെ ) എടുക്കുന്നത്. അങ്ങനെ വൈറ്റ് റം ചേര്‍ത്ത ഫ്രൂട്ട് ജ്യൂസ് മുരുകേശന് മാത്രമായി നല്‍കി. ഒരു തമാശയായിട്ടേ അവള്‍ ഇതിനെ കരുതിയിരുന്നുള്ളൂ. ഒരു എക്സ് സര്‍വീസുകാരന്റെ മകളായിരുന്ന  അവള്‍ക്ക് വല്ലപ്പോഴും രണ്ടെണ്ണം അടിക്കുന്നത് വലിയ പ്രശ്നമൊന്നും അല്ലായിരുന്നു. എന്നാല്‍ മുരുകേശന്‍ ഒരെണ്ണം കൂടി ചോദിച്ചു വാങ്ങിക്കുകയും ചെയ്തു. അതിന് ശേഷമുണ്ടായതെല്ലാം ചരിത്രം.

ആ പെണ്ണ് കാണലിന്റെ ആഘാതത്തില്‍ നിന്നും കര കയറാന്‍ മുരുകേശന്‍ രണ്ട് മാസമെടുത്തു. അപ്പോഴേക്കും ലീവും തീര്‍ന്നു. അങ്ങനെ അവന്‍ വീണ്ടും ഗള്‍ഫിലേക്ക് പോയി.

രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ വീണ്ടും മുരുകേശന്‍ നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഇപ്പോള്‍ മുരുകേശന്‍ പെണ്ണ് കാണാന്‍ പോയാല്‍ ചായ , കാപ്പി , ഫ്രൂട്ട് ജ്യൂസ് എന്നിവ കുടിക്കാറില്ല. "നോ താങ്ക്സ് " എന്ന് മാത്രം പറയും.

മുരുകേശന് എത്രയും പെട്ടെന്ന് പെണ്ണ് കിട്ടട്ടേയെന്ന് നമുക്കും പ്രാര്‍ഥിക്കാം ..... അല്ലേ.....


                                                 ************************************

2012, നവംബർ 8, വ്യാഴാഴ്‌ച

ഒരു SBLC 'അനുഭവ' കഥ

2010 ഡിസംബര്‍ 15 നാണ്‌  ഞാന്‍ SBI യില്‍ ജോയിന്‍ ചെയ്യുന്നത് , ആലപ്പുഴ  SBI യുടെ റീജണല്‍ ഓഫീസില്‍ ലോണ്‍ സെല്ലിലെക്കായിരുന്നു ഞങ്ങളുടെ പോസ്റ്റിങ്ങ്‌.

2010 ഡിസംബര്‍ 26 മുതല്‍ 2011 ജനുവരി 1 വരെയായിരുന്നു ഞങ്ങളുടെ ട്രെയിനിംഗ് . ഫോര്‍ട്ട്‌ കൊച്ചിയിലെ സ്റ്റേറ്റ് ബാങ്ക് ലേണിംഗ് സെന്റെറില്‍ (SBLC). എന്റെ കൂടെ ഹരീഷേട്ടനും ,ചിഞ്ചുവും , നൂറയുമായിരുന്നു ഞങ്ങളുടെ ഓഫീസില്‍ നിന്നും ഉണ്ടായിരുന്നത്.

ഞാന്‍ രാവിലെ തന്നെ  SBLC യില്‍ എത്തി . ആദ്യം രജിസ്റ്ററില്‍ പേരെഴുതി -- എനിക്ക് റൂം അലോട്ട് ചെയ്തു തന്നു. കോഴിക്കോട് RBO യിലെ അനില്‍ കുമാറും , കൊച്ചി വില്ലിംഗ്ടന്‍ ഐലന്‍ഡിലെ റോബിനുമായിരുന്നു എന്റെ റൂം മേറ്റ്സ് .

ക്ലാസ് 10 മുതല്‍ 5 വരെ ആയിരുന്നു. ആദ്യ ദിവസമായത്‌ കൊണ്ട് തുടങ്ങാന്‍ താമസിച്ചു ; പലരും എത്തുന്നതെ ഉണ്ടായിരുന്നുള്ളൂ .

ആദ്യം സെല്‍ഫ് ഇന്ട്രോഡക്ഷനായിരുന്നു , പിന്നീട് പല സെക്ഷനുകളായി ക്ലാസ്സുകള്‍ .പത്മജന്‍  സാറിന്റെ ക്ലാസ്സുകള്‍ കേട്ടിരുന്നും ബാക്കിയുള്ള ക്ലാസ്സുകള്‍ ഉറങ്ങിതീര്‍ത്തും ട്രെയിനിംഗ് മുന്നോട്ട് പോയി. ഇടക്കുള്ള ടീ ബ്രേക്ക്‌ ഒരാശ്വാസമായിരുന്നു.  മിക്ക ദിവസവും ഉച്ച കഴിഞ്ഞു ലാബ്‌ സെക്ഷനായിരുന്നു. വൈകുന്നേരങ്ങളില്‍ ബീച്ചില്‍ പോകുമായിരുന്നു.

ഇന്ന്‌  ഡിസംബര്‍ 31 , ക്ലാസ്സ്‌ തീരാന്‍ ഇനി ഒരു ദിവസം കൂടി  മാത്രമേ ഉണ്ടായിരുന്നുള്ളൂ .

രാത്രി കള്‍ചറല്‍ പ്രോഗ്രാംസ് ഉണ്ടായിരുന്നു . കഴിഞ്ഞപ്പോള്‍ 10 മണിയായി. ബീച്ചില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു.. ഞങ്ങള്‍ ബീചിലേക്കിറങ്ങി . എങ്ങും തിരക്ക് തന്നെ. കൊച്ചിക്കാര്‍ 'പപ്പാജി'  എന്നു  വിളിക്കുന്ന കൂറ്റന്‍ രൂപം ബീച്ചില്‍ സ്ഥാപിച്ചിരുന്നു . രാത്രി 12 മണിക്ക് അതിനു തീ കൊളുത്തും . അതോടെ പോയ വര്‍ഷത്തെ വിഷമങ്ങളൊക്കെ കത്തിതീരുമെന്നും പുതു വര്‍ഷത്തെ നന്മകളെ വരവേല്‍ക്കാനാകുമെന്നുമാണ് ഇവിടുത്തെ വിശ്വാസം. കൊച്ചിയിലെ പുതുവര്‍ഷ ആഘോഷങ്ങള്‍ കാണാന്‍ ഭാഗ്യം ലഭിച്ച ഏക ബാച്ചും ഞങ്ങളുടെയായിരുന്നു.

                                         


സംഗീത സാന്ദ്രമായ അന്തരീക്ഷം.  ബലൂണുകളും വര്‍ണ കടലാസുകളും കൊണ്ട് എങ്ങും അലങ്കരിചിരിക്കുന്നു . എല്ലാ ചാനലുകളുടെയും റിപ്പോര്‍ടര്മാരുമുണ്ട് . അവരുടെ ക്യാമറക്ക്‌ മുന്നിലും വലിയ ആള്‍ക്കൂട്ടം. കനത്ത പോലീസ് പട്രോളിങ്ങും ഉണ്ടായിരുന്നു. ഇടയ്ക്കു ഒരു ചാറ്റല്‍ മഴ പെയ്തു. മഴ കൂടുമോ എന്നാ പേടി കാരണം ഞങ്ങള്‍ റൂമിലേക്ക്‌ മടങ്ങി.

12 മണി അടുക്കാറായപ്പോള്‍ അന്തരീക്ഷം ശബ്ദമുഖരിതമായി , ഞങ്ങള്‍ SBLC യുടെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏറ്റവും മുകളിലേക്ക് കയറി. സ്റെയര്‍ റൂമിന്റെ മുകളിലേക്ക് കയറാന്‍ ഒരു ഏണി ഉണ്ടായിരുന്നു. അല്പം ബുദ്ധിമുട്ടിയാണെങ്കിലും വലിഞ്ഞു കയറി. 12 മണിയായി കഴിഞ്ഞിരിക്കുന്നു. നാല് പാട് നിന്നും തുരു തുരാ വെടിക്കെട്ടുകള്‍ ,കരിമരുന്നു പ്രയോഗത്തിന്റെ ഇന്ദ്രജാലം . ഇവിടെ 360 ഡിഗ്രി  കഴ്ച്ചയുണ്ടായിരുന്നു. എല്ലാ വശത്ത് നിന്നുമുള്ള വര്‍ണ കാഴ്ചകള്‍. ഇത്ര മനോഹരമായ ഒരു ആകാശ കാഴ്ച എന്റെ ജീവിതത്തില്‍ ഇതേ വരെ കണ്ടിട്ടില്ല ലോകം പുതു വര്‍ഷത്തെ വരവേല്‍ക്കുന്ന സമയം. ഏതാണ്ട് ഒരു മണിക്കൂറോളം ഞങ്ങള്‍ അത് കണ്ടു നിന്നു. ഉറങ്ങാന്‍ കിടന്നപ്പോള്‍ ഏകദേശം രണ്ടു  മണിയായിക്കാണും .

പുതുവര്‍ഷ പുലരിയിലേക്കാണ് പിറ്റേന്ന് കണ്ണ് തുറന്നത്. താമസിച്ചാണ് എഴുന്നേറ്റത് . ഇന്ന്  2011 ജനുവരി 1 ശനിയാഴ്ച , SBLC ട്രെയിനിങ്ങിന്റെ അവസാന ദിവസം.ഇന്ന് ഉച്ച വരെയേ ക്ലാസ്സുള്ളൂ . ഉച്ച ഭക്ഷണമൊക്കെ കഴിഞ്ഞ് എല്ലാവരും പോകാനുള്ള തിരക്കിലാണ്. തുണിയൊക്കെ തലേന്നേ പായ്ക്ക് ചെയ്തിരുന്നു.

ഇന്നാണ് ചരിത്ര പ്രസിദ്ധമായ കൊച്ചിന്‍ കാര്‍ണിവല്‍ നടക്കുന്നത്. വൈകുന്നേരം വാഹനങ്ങള്‍ കുറവായിരിക്കും എന്ന് പറഞ്ഞതിനാല്‍ എല്ലാവരും നേരത്തെ തന്നെ ഇറങ്ങി. ഞാന്‍ എന്റെ റൂംമേറ്റ്‌ റോബിന്റെ കൂടെയായിരുന്നു ഇറങ്ങിയത്‌. അവന്‍ എന്നെ ബൈക്കില്‍ ബോട്ട് ജെട്ടിയില്‍ കൊണ്ട് വിട്ടു. ഇവിടുന്നു ഓരോ പത്ത് മിനിട്ടിലും എറണാകുളത്തേക്കു സര്‍വീസുണ്ട് .

ടിക്കറ്റെടുത്തു  കാത്തിരുന്നു. അല്‍പ സമയത്തിനകം ബോട്ടെത്തി. 20 മിനിറ്റ് കൊണ്ട് എറണാകുളതെത്തി. 3.45 നാണ് കൊല്ലം പാസഞ്ചര്‍. അതിനു പോകാമെന്ന് തീരുമാനിച്ചു. റെയില്‍വേ സ്റെഷനിലേക്ക് പോകാന്‍ ബസ് കാത്തു നിന്നു. ----------- പെട്ടെന്നാണ് ഒരു കാര്യം ഓര്‍ത്തത്‌; ഹോസ്റ്റല്‍ റൂമിന്റെ താക്കോല്‍ തിരിച്ചു കൊടുക്കാന്‍ വിട്ടു പോയി. പെട്ടെന്ന് ഇറങ്ങിയപ്പോള്‍ വിട്ടു പോയതാണ്. എന്ത് ചെയ്യണമെന്നറിയാതെ കുറച്ചു സമയം നിന്നു . കീ ചെയ്നിന്റെ  പുറകില്‍ ഓഫീസിന്റെ നമ്പര്‍ ഉണ്ടായിരുന്നു. അതില്‍ വിളിച്ചു; കീ റിട്ടേണ്‍ ചെയ്യണമെന്നായിരുന്നു പറഞ്ഞത്.

ഞാന്‍ തിരിച്ച് ബോട്ട് ജെട്ടിയിലേക്ക് നടന്നു. പ്രൈവറ്റ് ബസ്സുകള്‍ കുറവായിരുന്നതിനാല്‍ അവിടെ ഒരു ജന സമുന്ദ്രമായിരുന്നു.കൊച്ചിന്‍ കാര്‍ണിവല്‍ നടക്കുന്നതിനാല്‍ ഫോര്‍ട്ട്‌ കൊച്ചിക്ക്‌ പോകാനുല്ലവരായിരുന്നു എല്ലാവരും. ടിക്കറ്റ്‌ കൌണ്ടറിനു മുന്നില്‍ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ക്യൂ  ഉണ്ടായിരുന്നു. ഒന്നര കിലോമീറ്റര്‍ എന്ന് ഞാന്‍ വെറുതെ പറഞ്ഞതല്ല, ഏതാണ്ട് അത്രയും തന്നെ ഉണ്ടായിരുന്നു.... വളഞ്ഞു പുളഞ്ഞ് .

ഒച്ചിഴയും പോലാണ് ക്യൂ  നീങ്ങിക്കൊണ്ടിരുന്നത് .ഓരോ ബോട്ടും പോയി തിരിച്ചെത്തുന്നതിനനുസരിച്ചാണ് ടിക്കെറ്റ് കൊടുക്കുന്നത്. അത് കൊണ്ട് വലിയ താമസമായിരുന്നു.
നല്ല ഭാരമുള്ള ബാഗും പിടിച്ചു കൊണ്ടുള്ള നില്‍പ്പ് അതി കഠിനമായിരുന്നു.  കൊല്ലം പാസഞ്ചര്‍ അതിന്റെ പാട്ടിന് പോയിക്കാണും. ടിക്കറ്റ്‌ കിട്ടിയപ്പോള്‍ സമയം 5 മണി കഴിഞ്ഞിരുന്നു രണ്ടര മണിക്കൂര്‍ അവിടെ ചിലവായി.

വീണ്ടും തിരികെ ഫോര്‍ട്ട്‌ കൊച്ചിയിലെത്തി. അവിടെ നിറയെ തിരക്കായിരുന്നു. ഒരു ഓട്ടോ വിളിച്ചു------ ട്രാഫിക്‌ ബ്ലോക്ക്‌ കാരണം പോകാനാകില്ലെന്നായിരുന്നു മറുപടി. പത്ത് കിലോയോളം ഭാരമുള്ള ബാഗും ചുമന്നു കൊണ്ട് ഞാന്‍ നടന്നു. ഒരു ഓട്ടോ അടുത്ത് കൊണ്ട് നിര്‍ത്തി. "ചേട്ടാ സ്റ്റേറ്റ് ബാങ്ക് ലേണിംഗ് സെന്റെര്‍ വരെ പോണം" ഞാന്‍ ദയനീയമായി പറഞ്ഞു. എന്റെ അവസ്ഥ കണ്ടു അയാള്‍ കയറാന്‍ പറഞ്ഞു. നേരെയുള്ള വഴിയെല്ലാം ബ്ലോക്കായിരുന്നു ഏതൊക്കെയോ ഇടവഴികളിലൂടെയാണ് യാത്ര. ഒടുവില്‍ അതും ബ്ലോക്കായി. ഇവിടെ ഇറങ്ങി നടക്കാനുള്ള ദൂരമേ ഉള്ളുവെന്ന് ഡ്രൈവര്‍ പറഞ്ഞു.

വീണ്ടും നടത്തം , തിരക്കിലൂടെയുള്ള യാത്ര. ഒടുവില്‍ ഞാന്‍ SBLC  യില്‍ എത്തി. താക്കോല്‍ തിരിച്ച് സെക്യൂരിറ്റിയെ ഏല്‍പ്പിച്ചു. പിറ്റേന്ന് പോകാനുള്ള കുറച്ചു പേര്‍ അവിടെ ഉണ്ടായിരുന്നു. അവരോടു വീണ്ടും യാത്ര പരഞ്ഞ്‌ ഞാന്‍ ഇറങ്ങി. സമയം 6 മണി കഴിഞ്ഞിരുന്നു. ബീച്ച്  റോഡിലൂടെയാണ്‌ നടത്തം. ഏതാണ്ട് രണ്ട് കിലോമീറ്റര്‍ നടന്ന് ഫോര്‍ട്ട്‌ കൊച്ചി ബസ് സ്റ്റാന്‍ഡില്‍ എത്തി. ഭാഗ്യത്തിന് എറണാകുളത്തേക്കു ബസ് ഉണ്ടായിരുന്നു. കലൂര്‍ KSRTC  സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ 7 മണി ആകാറായിരുന്നു.

ഞാന്‍ ബസ് കത്ത് നിന്നു. ഒരു തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റില്‍ കയറി. 7.15 ന് ബസ് വിട്ടു. 10.15 നാണ് കായംകുളത്ത്  നിന്നുള്ള ലാസ്റ്റ് ബസ്. 10.15 നു മുന്‍പേ  എത്തണേയെന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. രാത്രിയായതിനാല്‍ നല്ല വേഗത്തിലായിരുന്നു യാത്ര . 10.10 നു തന്നെ ബസ് കായംകുളത്തെത്തി. ഞാന്‍ ഓര്‍ഡിനറി ബസ് പാര്‍ക്ക് ചെയ്യുന്നിടതേക്ക് ഓടി.

ഭാഗ്യം ലാസ്റ്റ് ബസ് പോയിട്ടില്ല ഞാന്‍ അതില്‍ കയറി ഇരുന്നു. എന്നാല്‍ 10.30 ആയിട്ടും ബസ് വിടുന്ന മട്ടില്ല  അന്വേഷിച്ചപ്പോള്‍ , ഓച്ചിറയില്‍ നിന്നും കുറെ അയ്യപ്പ ഭക്തന്മാര്‍ കായംകുളത്തേക്ക് വരുന്നുവെന്ന്; കായംകുളത്ത്  നിന്നും പമ്പയ്ക്കു ഇനി സര്‍വീസ് ഇല്ലാത്തതിനാല്‍ അവരെ അടൂര് കൊണ്ട് ചെന്ന് വിടാനാണ് ഈ കാത്തു കിടപ്പ്. അവരെത്തിയപ്പോള്‍ 10.45 ആയി. പിന്നെയും പ്രശ്നം, അടൂരില്‍ നിന്നും പമ്പയ്ക്കു സര്‍വീസ് ഉണ്ടെന്ന് ഉറപ്പു കൊടുക്കണമെന്ന് അയ്യപ്പന്മാര്‍ ; എന്നാല്‍ അങ്ങനെ ഒരു ഉറപ്പു കൊടുക്കാന്‍ പറ്റില്ലെന്ന് ബസ് കണ്ടക്ടര്‍. എന്നാല്‍ ടിക്കറ്റ്‌ എടുക്കില്ലെന്ന് അയ്യപ്പന്മാര്‍. വലിയ വാക്ക് തര്‍ക്കമായി. ഞാന്‍ അറിയാതെ 'സ്വാമിയേ'  എന്ന് വിളിച്ചു പോയി. പതിനൊന്ന് മണിക്ക് ശേഷമാണ് ബസ് കായംകുളത്ത് നിന്നും യാത്ര തിരിച്ചത്.

ചാരുമൂട്ടില്‍ എത്തിയപ്പോള്‍ സമയം 11.30. ബസ്സിറങ്ങി വീണ്ടും നടപ്പ്. വീട്ടിലെത്തിയപ്പോള്‍ ആരും ഉറങ്ങിയിട്ടില്ലായിരുന്നു, എന്നെ കാത്തിരിക്കുകയായിരുന്നു. അമ്മ ഒരു ജഗ്ഗില്‍ വെള്ളം കൊണ്ട് തന്നു. ഞാന്‍ അത് മുഴുവനും ഒറ്റ വലിക്കു കുടിച്ചു. വസ്ത്രം മാറി കിടക്കയിലേക്ക് വീണു. ഒരിക്കലും മറക്കാത്ത അനുഭവങ്ങളുമായി ഉറക്കത്തിലേക്ക് .


                                           ***************************************

മരീചിക


അഴല്‍ വീണു കേഴുമെന്‍ മനതാരിനുള്ളിലായ് ,
ഒരു നിലാ തെന്നല്‍ പോലാരോ പാടി 
ചുടു നെടുവീര്‍പ്പ് വീഴുമെന്‍ ഹൃദയതിനുള്ളിലായ് ,
ഒരു നേര്‍ത്ത ഗദ്ഗതം എന്നാ പോലെ.

                    കത്തിയെരിയുന്ന മീനച്ചൂടില്‍                 
                    വീശുന്ന മന്ദമാരുതനെപോള്‍ 
                    ചുട്ടു പഴുത്തൊരു മരുഭൂമിയില്‍ 
                    പെട്ടെന്ന് പെയ്യുന്ന മഴ പോലെ;

അവളെനിക്കെല്ലാമായെന്നാ-
ത്മാവിന്‍ രാഗ താളമായി 
നീറുന്ന ദുഖങ്ങളിലും 
ആശ്വാസത്തിന്‍ പൊന്‍തിരി വെട്ടമായ് 

                    
                    ജീവിതത്തിന്‍ പുതു അര്‍ത്ഥ തലങ്ങള്‍ തേടി ഞാന്‍ 
                    സ്വപ്നമാം ലോകത്തില്‍ സഞ്ചരിച്ചു 
                    പിന്നെയൊരു വര്‍ഷകാലം-
                    പെട്ടെന്നവളെങ്ങോ മാഞ്ഞകന്നു,

ആര്‍ദ്രമാം ഒരു പിടി ഓര്‍മ്മകള്‍ ശേഷിപിച്ച-
കന്നവള്‍, മരുഭൂമിയിലെ മരീചികയെപോല്‍ .